ഗാസയിൽ കൊല്ലപ്പെട്ടത് ജനസംഖ്യയുടെ 1.7 ശതമാനം ആളുകൾ,ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളും

ഗാസ: ഗാസയിൽ ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.സംഘർഷം അവസാനിപ്പിക്കാൻ സമ്മർദ്ദം നേരിടുന്ന അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ആശാവഹമായ തുടക്കമെന്നാണ് വ്യാഴാഴ്ച വിശദമാക്കിയത്. സി.ഐ.എ ഡയറക്ടർ വില്യം ബേണ്സ് അടക്കമുള്ളവർ പങ്കെടുക്കുന്ന വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആൾനാശം ഗാസയിലുണ്ടായ പശ്ചാത്തലത്തിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്.ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിനിർത്തൽ ചർച്ചകൾ വ്യാപകമാവുന്നത്.