ആറ് പുതിയ ഇനം സുഗന്ധ വ്യഞ്ജനങ്ങൾകൂടി കർഷകരിലേക്ക്

Share our post

കോഴിക്കോട്: കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. രണ്ടിനം ഏലം, ജാതി, പെരിഞ്ചീരകം, മാങ്ങ ഇഞ്ചി, അജ്വെയ്ൻ തുടങ്ങിയവയാണ് പുതിയ ഇനങ്ങൾ. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ ഇതുൾപ്പടെ 109 പുതിയ വിള ഇനങ്ങളാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്.

ഐ.ഐ.എസ്.ആർ. കേരളശ്രീ (ജാതി), ഐ.ഐ.എസ്.ആർ-കാവേരി, ഐ.ഐ. എസ്.ആർ-മനുശ്രീ (ഏലം), ആർ.എഫ്-290 (പെരുംജീരകം), ഗുജറാത്ത് അജ്വെയ്ൻ മൂന്ന് (അയമോദകം), ഐ.ഐ. എസ്.ആർ. അമൃത് (മാങ്ങാ ഇഞ്ചി) എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. മികച്ച വിളവ് നൽകുമെന്നതിനു പുറമേ നമ്മുടെ വൈവിധ്യമാർന്ന കാർഷികപരിസ്ഥിതിക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ സ്വഭാവസവിശേഷതകളും അടങ്ങിയിട്ടുണ്ട്.

ജാതി ഇനമായ ഐ.ഐ.എസ്.ആർ. കേരളശ്രീയുടെ കായക്ക് ദൃഢതയും ആകർഷണവും കൂടുതലാണ്. വരണ്ട കാലാവസ്ഥയിലുൾപ്പെടെ മികച്ച വിളവ് ലഭ്യമാക്കാനാകുമെന്നതാണ് ഏലം ഇനമായ ഐ.ഐ.എസ്.ആർ-മനുശ്രീയുടെ സവിശേഷത. ഏലം കൃഷിചെയ്യുന്ന എല്ലാ മേഖലകളിലേക്കും മനുശ്രീ അനുയോജ്യവുമാണ്. മനുശ്രീയുടെതന്നെ ജനിതക വകഭേദമാണ് പുറത്തിറക്കിയ മറ്റൊരു ഏലം ഇനമായ ഐ.ഐ.എസ്.ആർ. കാവേരി. വലുപ്പമേറിയ ഏലക്കായ ആണെന്നതിനൊപ്പം സുഗന്ധതൈലത്തിന്റെ അളവും ഈയിനത്തിൽ കൂടുതലാണ്.

ഉയർന്ന വിളവുനൽകുന്ന പെരുംജീരകം ഇനമായ ആർഎഫ്-290 രാജസ്ഥാൻ, ഗുജറാത്ത്, യു.പി., ബിഹാർ, എം.പി., ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ പെരുംജീരകം കൃഷിചെയ്യുന്ന എല്ലാ മേഖലകളിലും കൃഷിചെയ്യാൻ പ്രാപ്തമാണ്. ഗുജറാത്ത് അജ്വെയ്ൻ-3 എന്ന അയമോദകം ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാണ, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നതിനും അനുമതിയായിട്ടുണ്ട്. മാങ്ങ ഇഞ്ചി ഇനമായ ഐ.ഐ.എസ്.ആർ. അമൃതിന്റെ ഉത്‌പാദനശേഷി ഒരു ഹെക്ടറിന് 45 ടൺ എന്ന തോതിലാണ്. നിലവിലുള്ള ഇനങ്ങളെക്കാൾ 30 ശതമാനത്തോളം അധികമാണിത്.

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനം ആസ്ഥാനമായുള്ള എ.ഐ.സി.ആർ.പി.എസ്, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ജീരകം, മല്ലി മുതലായ വിളകളിലായി 184 സുഗന്ധവ്യഞ്ജന ഇനങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!