ഓൺലൈൻ അപേക്ഷ കൊടുത്തവരെ നേരിട്ട് വിളിച്ച് വരുത്തേണ്ട’; തദ്ദേശ സ്ഥാപനങ്ങളെ അടിമുടി മാറ്റാൻ പ്രഖ്യാപനങ്ങൾ

Share our post

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ അടക്കം മന്ത്രി എം.ബി രാജേഷ് സമഗ്ര ഭേദഗതി പ്രഖ്യാപിച്ചു. സമയബന്ധിത സേവനം ഉറപ്പാക്കാനും അഴിമതി തടയാനും സംവിധാനമുണ്ടാകും. പ്രിൻസിപ്പൽ ഡയറക്ടറേറ്റില്‍ പൊതുജനങ്ങൾക്ക് തൽസമയം പരാതി അറിയിക്കാൻ കോൾ സെന്‍ററും വാട്സ് ആപ്പ് നമ്പരും ഏർപ്പെടുത്തും. കിട്ടുന്ന പരാതികളിൽ ഉടനടി തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓൺലൈൻ അപേക്ഷ കൊടുത്താലും ചില ഉദ്യോഗസ്ഥർ ആളുകളെ നേരിട്ട് വിളിച്ച് വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഓൺലൈൻ അപേക്ഷയ്ക്ക് ഓൺലൈൻ പരിഹാരം തന്നെ ഉറപ്പാക്കും. അപേക്ഷകരെ ഓഫീസുകളിൽ അനാവശ്യമായി കയറ്റി ഇറക്കിയാൽ കർശന നടപടിയുണ്ടാകും. ആവശ്യമായ രേഖകളുടെ ചെക് ലിസ്റ്റ് ഓൺലൈനായാലും അല്ലെങ്കിലും ആദ്യമേ അപേക്ഷകന് നൽകണം. പുതിയ രേഖകൾ ആവശ്യമെങ്കിൾ അധിക രേഖക്കുള്ള കാരണം ഉദ്യോഗസ്ഥൻ രേഖാമൂലം തന്നെ അപേക്ഷകനെ അറിയിക്കണം. ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്ക് ചുമതല വിഭജിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു. സേവനത്തിനുള്ള സമയപരിധി, എത്ര ദിവസം കൊണ്ട് ഫയൽ തീർപ്പാക്കണം എന്നിവ പരാതി പരിഹാര നമ്പർ സഹിതം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. സ്ഥിരം അദാലത്ത് സമിതികൾ കൂടുതൽ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!