കേരളത്തിളക്കം ; മികച്ച 15 സർവകലാശാലകളിൽ മൂന്നും കേരളത്തിൽ

Share our post

ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയിൽ തിളക്കമാർന്ന നേട്ടം കൊയ്‌ത്‌ കേരളത്തിലെ സർവകലാശാലകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന്റെ (എൻ.ഐ.ആർ.എഫ്) പൊതുമേഖല സർവകലാശാലകളിലെ ആദ്യ 15 റാങ്കിൽ കേരളത്തിന്റെ മൂന്ന് സർവകലാശാലകൾ സ്ഥാനം ഉറപ്പിച്ചു. കേരള സർവകലാശാല ഒമ്പതാം റാങ്ക്‌ നേടി. കുസാറ്റ് 10ഉം, മഹാത്മാഗാന്ധി സർവകലാശാല 11 ഉം റാങ്ക് നേടി. ഇതേ വിഭാ​ഗത്തിൽ കലിക്കറ്റ് സർവകലാശാല 43–-ാം സ്ഥാനത്തുണ്ട്‌. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി, പശ്ചിമ ബം​ഗാൾ ജാദവ്പുർ, മഹാരാഷ്ട്ര സാവിത്രിഭായ് ഫുലെ പുണെ യൂണിവേഴ്സിറ്റി എന്നിവയ്‌ക്കാണ്‌ ആദ്യ മൂന്ന് റാങ്കുകൾ.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലെ ആദ്യനൂറിൽ കേരള–- 38, കുസാറ്റ്–- 51, എം.ജി–- 67 റാങ്കും സ്വന്തമാക്കി. രാജ്യത്തെ സ്വാകര്യസർവകലാശാലകളും ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഉൾപ്പെടുന്ന പട്ടികയാണിത്. സർവകലാശാലകൾക്ക്‌ മാത്രമായുള്ള റാങ്കിങ് പട്ടികയിൽ കേരള–- -21-, കുസാറ്റ്–- -34, എം.ജി–- 37, കലിക്കറ്റ്–- 89- റാങ്കും കരസ്ഥമാക്കി. മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളേജുമുണ്ട്‌. നാലെണ്ണം സർക്കാർ കോളേജുകളാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് , പാലക്കാട് ​ഗവ. വിക്ടോറിയ കോളേജ് എന്നിവയാണിത്. റാങ്കിങ്ങിൽ ഉൾപ്പെട്ട മൂന്നൂറ് കോളേജിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജാണ്‌. നിയമ വിഭാ​ഗത്തിൽ നുവാൽസ് 38–-ാം സ്ഥാനത്താണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!