സമൂഹമാധ്യമങ്ങളിൽ വ്യാജ വിനോദയാത്ര: പണം തട്ടുന്ന സംഘങ്ങൾ സജീവം

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?

Share our post

കൊച്ചി : ‘കിട്ടില്ല എന്നറിയാം എന്നാലും ചോദിക്കുവാ, ഞങ്ങൾക്ക്‌ ഒരു ലൈക്ക്‌ തരാമോ…’ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ചിത്രം ഇത്തരം അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ കണ്ടാൽ ആരും നോക്കും. എന്നാൽ, അതിനുതാഴെ വരുന്ന സന്ദേശങ്ങൾ പറയുക വിവിധ ടൂർ പാക്കേജുകളെക്കുറിച്ച്‌. സൈബർ ലോകത്തെ പുതിയ തട്ടിപ്പിന്റെ തുടക്കമിങ്ങനെ. വ്യാജ വിനോദയാത്രകളുടെ പാക്കേജുകൾ നിരത്തി പണം തട്ടുന്ന സംഘങ്ങൾ സൈബർ ലോകത്ത്‌ സജീവമാകുന്നതായി സൈബർ സുരക്ഷാ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു.

കുളു മണാലി, കാഠ്‌മണ്ഡു തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്നായിരിക്കും സന്ദേശങ്ങളിലുള്ളത്‌. കേദാർനാഥ്‌, ബദ്‌രിനാഥ്‌ തുടങ്ങിയ ക്ഷേത്രനഗരികൾ ഉൾപ്പെടുത്തിയുള്ള പാക്കേജുകളുമുണ്ട്‌. ലിങ്കിൽ ക്ലിക്ക്‌ ചെയ്‌താൽ തട്ടിപ്പുകാർ പണി തുടങ്ങും. സിനിമാതാരങ്ങളുടെയും വൈറൽ സംഭവങ്ങളുടെയുമെല്ലാം ചിത്രങ്ങളും ചിലപ്പോൾ പോസ്‌റ്റിനൊപ്പം ഉപയോഗിക്കാറുണ്ട്‌.

5000 മുതൽ 10,000 രൂപവരെ നീളുന്ന പാക്കേജുകളാണ്‌ പലതും. അഡ്വാൻസായി പണം നൽകാൻ തട്ടിപ്പുകാരൻ ആവശ്യപ്പെടും. 1000 മുതൽ 5000 രൂപവരെ ചോദിക്കും. പണം കൊടുത്താൽ പിന്നെ ടൂർ പാക്കേജുകാരന്റെ ഒരു വിവരവും ഉണ്ടാകില്ല. സമൂഹമാധ്യമ പോസ്‌റ്റിനൊപ്പം നൽകുന്ന നമ്പറിൽ വിളിച്ചാൽ ഫോൺ സ്വിച്ച്‌ ഓഫ്‌ ആയിരിക്കും. ഇത്തരത്തിൽ നിരവധി പേർക്ക്‌ പണം നഷ്ടപ്പെട്ടതായാണ്‌ വിവരം. പലരും നാണക്കേട്‌ ഓർത്താണ്‌ പൊലീസിൽ പരാതി നൽകാത്തത്‌. വിനോദയാത്രകൾക്കായി അംഗീകൃത ടൂർ ഓപ്പറേറ്റർമാർവഴി മാത്രം ബുക്‌ ചെയ്യണമെന്ന്‌ സൈബർ സുരക്ഷാ വിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ കാണുന്ന ഇത്തരം ടൂർ ഓപ്പറേറ്റർമാർക്ക്‌ മിക്കവാറും ഓഫീസ്‌ ഉണ്ടാകാറില്ല. ഇക്കാര്യം ശ്രദ്ധിച്ചാൽ തട്ടിപ്പിനിരയാകാതെ രക്ഷപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!