അച്ഛന് ഉയിരായി പ്ലസ് ടു വിദ്യാർഥി, കരൾ പകുത്തു നൽകി; പണം കണ്ടെത്താൻ ബിരിയാണിവിറ്റ് നാട്ടുകാർ

വെള്ളരിക്കുണ്ട് (കാസർകോട്): മകൻ പകുത്തുനൽകിയ കരൾ പിതാവിന് ജീവനേകിയതിന്റെ ആശ്വാസത്തിലാണ് ബളാൽ പഞ്ചായത്തിലെ വള്ളിക്കടവിലെ സ്കറിയ ഐസക്കിന്റെ കടുംബം. കരുതലിന്റെ കാവലുമായി നാടും ഒപ്പമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് സ്കറിയ ഐസക് സുഖംപ്രാപിച്ചുവരികയാണ്. മകൻ പ്ലസ് ടു വിദ്യാർഥി എഡിസൺ സ്കറിയയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പിതാവിന് കരൾ പകുത്തുനൽകിയത്. അഞ്ചംഗ നിർധനകുടുംബത്തിന്റെ ആശ്രയമായിരുന്നു സ്കറിയ. കരൾരോഗിയായതോടെ ജീവിതം വഴിമുട്ടി. ചികിത്സയ്ക്ക് ഭീമമായ ചെലവ് വന്നു. അവസാന രക്ഷാമാർഗം കരൾ മാറ്റിവെക്കലായിരുന്നു.
മകന്റെ കരൾ യോജിക്കുമെങ്കിലും പ്രായപൂർത്തിയാകാത്തത് തടസ്സമായി. പിതാവിന് കരൾ നൽകാൻ അനുമതി ചോദിച്ച് എഡിസൺ ഹൈക്കോടതിയിലെത്തി. നടപടി വേണമെന്ന് കോടതി നിർദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ആരോഗ്യവകുപ്പിലെയും വിദഗ്ധസംഘം എഡിസന്റെ ആരോഗ്യനില തൃപ്തികരമെന്ന് സാക്ഷ്യപ്പെടുത്തിയതോടെ രക്ഷാമാർഗം തുറന്നു. ഓഗസ്റ്റ് ആറിന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു ശസ്ത്രക്രിയ. സ്കറിയയുടെയും എഡിസന്റെയും ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതർ അറിയിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും.
ബിരിയാണി വാങ്ങി നാട്
ശസ്ത്രക്രിയയ്ക്കും മറ്റു ചെലവായ 30 ലക്ഷം രൂപ ശേഖരിക്കാൻ നാട്ടുകാരൊന്നിച്ചു. സെയ്ന്റ് ജോർജ് ഫൊറോന ഇടവകയിലെങ്ങും സഹായസന്ദേശമെത്തി. രാഷ്ട്രീയപാർട്ടികളും സാമൂഹികസംഘടനകളും കുടുംബശ്രീയുമെല്ലാം കൈകോർത്തു. ബിരിയാണി ചലഞ്ചുമായി യുവാക്കൾ രംഗത്തിറങ്ങി. 2000 ബിരിയാണി ലക്ഷ്യംവെച്ചായിരുന്നു തുടക്കം.
ഗിരീഷ് വട്ടക്കാട്ട് ചെയർമാനും ജോബി കാര്യാവിൽ ജനറൽ കൺവീനറും പി.ജി. വിനോദ് കുമാർ ഖജാൻജിയുമായുള്ള ചലഞ്ച് കമ്മിറ്റി രംഗത്തിറങ്ങി. ഗ്രാമങ്ങൾ തോറും കൂട്ടായ്മകൾ രംഗത്ത് വന്നു. നാടൊന്നാകെ ഇതിന് വൻപിന്തുണ നൽകി. 2000-ൽനിന്ന് 11,000-ത്തിലേക്ക് എണ്ണം ഉയർന്നു. ശനിയാഴ്ച രാവിലെമുതൽ നാട് ബിരിയാണി ചലഞ്ചിനായ് വള്ളിക്കടവിൽ ഒത്തുകൂടി. 14 അടുപ്പുകൾ ഒരുങ്ങി. ഞായറാഴ്ച പുലർച്ചെമുതൽ ബിരിയാണി വീടുകളിലെത്തും. ഇതിനുപുറമേ നേരിട്ടും ആളുകൾ സംഭാവന നൽകിയാണ് ആസ്പത്രിച്ചെലവ് എത്തിച്ചത്.