ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനിവരെയാവാം; സഹകരണ ബാങ്ക് ഡയറക്ടർമാരുടെ കാലാവധി നീട്ടി

Share our post

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് ഉടമക്ക് നാല് നോമിനികളെവരെ വെക്കാൻ വ്യവസ്ഥചെയ്യുന്ന ബാങ്കിങ് നിയമ ഭേദഗതിബിൽ ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. അവകാശികളില്ലാത്ത നിക്ഷേപങ്ങളിന്മേൽ നിക്ഷേപകരുടെ താത്‌പര്യങ്ങൾ പൂർണമായും പരിരക്ഷിച്ചുകൊണ്ട് വ്യക്തികൾക്ക് അവകാശവാദമുന്നയിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതി ബില്ലിൽ ലഘൂകരിച്ചിട്ടുണ്ട്.

നിലവിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ ഇൻവെസ്റ്റർ എഡ്യുക്കേഷൻ ആൻഡ് പ്രൊട്ടക്‌ഷൻ ഫണ്ടിലേക്ക് മാറ്റിക്കഴിഞ്ഞാൽ മറ്റാർക്കും ഇതിന്മേൽ അവകാശവാദമുന്നയിക്കാനാവില്ല. പുതിയ ഭേദഗതിയനുസരിച്ച് ഇങ്ങനെ മാറ്റിക്കഴിഞ്ഞാലും മതിയായ രേഖകൾസഹിതം അവകാശവാദമുന്നയിച്ചെത്തുന്നവർക്ക് നിക്ഷേപകന്റെ താത്‌പര്യങ്ങൾ പൂർണമായി പരിപാലിച്ചുകൊണ്ട് കൈമാറാം. പൂർണമായും നിക്ഷേപസൗഹൃദ ബില്ലാണിതെന്ന് ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർമാരുടെ കാലാവധി നീട്ടി

സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർമാരുടെ കാലാവധി എട്ടിൽ നിന്ന് പത്തുവർഷമായി ദീർഘിപ്പിക്കാൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നു. കേന്ദ്ര സഹകരണ ബാങ്ക് ഡയറക്ടർമാർക്ക് സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർമാരായി പ്രവർത്തിക്കാനും അനുമതിയുണ്ട്.

ഭേദഗതിബിൽ സംസ്ഥാന സഹകരണമേഖലയിലേക്കുള്ള കൈകടത്തലാണെന്ന് ക്രമപ്രശ്നത്തിലൂടെ എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. എന്നാൽ, സഹകരണമേഖലയുടെ പരിധിയിലേക്ക് കടന്നിട്ടേയില്ലെന്നും സഹകരണബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ പരിഷ്കരണം മാത്രമാണ് ബില്ലിന്റെ ഉള്ളടക്കമെന്നും ധനമന്ത്രി വിശദീകരിച്ചു.

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1949-ലെ ബാങ്കിങ് റെഗുലേഷൻ നിയമം, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ നിയമം, 1970-ലെയും ’80-ലെയും ബാങ്കിങ് കമ്പനി ഏറ്റെടുക്കലും സ്വത്തുക്കളുടെ കൈമാറ്റവും നിയമങ്ങൾ എന്നിവയിൽ ഭേദഗതിവരുത്തിക്കൊണ്ടുള്ള പ്രത്യേക ബില്ലാണ് ബാങ്കിങ് നിയമഭേദഗതി ബിൽ.

മറ്റ് പ്രധാന വ്യവസ്ഥകൾ

1. ബാങ്കുകളിൽ നിക്ഷേപമുള്ള ഡയറക്ടർമാരുടെ ലാഭവരുമാനം അഞ്ചുലക്ഷത്തിൽ നിന്ന് രണ്ടുകോടിയായി   ഉയർത്തി.

2. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർക്കുള്ള വേതനം നിശ്ചയിക്കുന്നത് വഴക്കമുള്ളതാക്കി.

3. ബാങ്കിങ് റെഗുലേറ്ററി അതോറിറ്റി മുൻപാകെ ബാങ്കുകൾ റിപ്പോർട്ട് ചെയ്യേണ്ട തീയതിയിൽ മാറ്റം. മാസത്തിലെ   രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചയ്ക്കുപകരം 15-ാം തീയതിയും മാസത്തിലെ     അവസാനപ്രവൃത്തിദിവസവും എന്നാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!