ഭൂകമ്പ മുന്നറിയിപ്പ് മൊബൈൽ ഫോൺ തരും; ആന്‍ഡ്രോയിഡിലെ സുരക്ഷാ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താൽ മതി

ഭൂകമ്പങ്ങള്‍ സംബന്ധിച്ച അറിയിപ്പ് യഥാസമയം ലഭിച്ചിരുന്നുവെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക എളുപ്പമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനായി ആശ്രയിക്കാവുന്ന ഒരു മികച്ച ഉപകരണമാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍. കാരണം അത്രയേറെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഭൂകമ്പം സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുന്ന ഒരു സുരക്ഷാ ഫീച്ചര്‍ ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോണിന്റെ ആക്‌സിലറോ മീറ്റര്‍ പോലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ ഭൂമികുലുക്കം തിരിച്ചറിയുക. ഇതിന്റെ അടിസ്ഥാനത്തില്‍ അറിയിപ്പ് നല്‍കും. ആന്‍ഡ്രോയിഡ് എര്‍ത്ത് ക്വേക്ക് അലേര്‍ട്ട് സിസ്റ്റം എന്ന ഈ ഫീച്ചര്‍ ഇതിനകം വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിന്റെ തുടക്കത്തില്‍ തന്നെ വിവരം അറിയാന്‍ സാധിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായും നാഷണല്‍ സീസ്‌മോളജി സെന്ററുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം?
ഭൂകമ്പങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു കുഞ്ഞന്‍ ഭൂകമ്പമാപിനിയാക്കി ഫോണിനെ മാറ്റുകയാണ് ഇതില്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ പറയുന്നു. അതിനായി ഫോണിലെ ആക്‌സലെറോ മീറ്ററിനെ ഒരു സീസ്‌മോഗ്രാഫ് ആയി ഉപയോഗിക്കും. ചാര്‍ജ് ചെയ്യുന്നതിന് പ്ലഗില്‍ കണക്ട് ചെയ്ത് മേശപ്പുറത്ത് വെച്ച ഒരു ഫോണിന് ഭൂകമ്പത്തിന്റെ ആദ്യ സൂചനകള്‍ തിരിച്ചറിയാനാവും. പ്രദേശത്തെ ഒന്നിലധികം ഫോണുകള്‍ സമാനമായ ചലനം തിരിച്ചറിയുന്നതോടെ ഗൂഗിള്‍ സെര്‍വറുകള്‍ അത് ഭൂകമ്പമാണെന്നും എവിടെയാണ്, എത്ര ശക്തമാണ് എന്നെല്ലാം തിരിച്ചറിയുകയും ചെയ്യും. ശേഷം ഗൂഗിള്‍ അടുത്തുള്ള ഫോണുകളിലേക്കെല്ലാം അലര്‍ട്ട് ആയി നല്‍കും.
തീവ്രത അനുസരിച്ച് രണ്ട് തരം അലേര്‍ട്ട് ആണ് നല്‍കുക. 4.5 വ്യാപ്തിയിലുള്ള എം.എം.ഐ 3, 4 ഭൂകമ്പങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള Be Aware Alert ആണ് നല്‍കുക. 4.5 വ്യാപ്തിയില്‍ എം.എം.ഐ 5 ന് മുകളിലുള്ള ഭൂകമ്പനങ്ങള്‍ക്ക് ‘Take action alert’ ആണ് നല്‍കുക. രക്ഷപ്പെടാനുള്ള നടപടികള്‍ സ്വീകരിക്കാനാണിത്. ശക്തമായ ഭൂകമ്പങ്ങള്‍ വരുമ്പോള്‍ ഫോണിലെ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ സംവിധാനത്തെ മറികടന്നാണ് അറിയിപ്പുകള്‍ നല്‍കുക. സ്‌ക്രീന്‍ ഓണ്‍ ആവുകയും ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയും ചെയ്യും. സുരക്ഷയ്ക്കായി എന്തെല്ലാം ചെയ്യണമെന്ന നിര്‍ദേശവും അലര്‍ട്ടില്‍ ഉണ്ടാവും.
ഭൂകമ്പത്തെ തുടര്‍ന്നുള്ള പ്രകമ്പനങ്ങള്‍ ഭൂമിയ്ക്കടിയിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ വേഗത്തില്‍, പ്രകാശ വേഗതയിലാണ് ഇന്റര്‍നെറ്റ് സിഗ്‌നലുകള്‍ സഞ്ചരിക്കുക. അതുകൊണ്ട് ഭൂകമ്പനം ഉണ്ടാകുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പ് തന്നെ അറിയിപ്പുകള്‍ ഫോണിലെത്തും.ഗൂഗിള്‍ സെര്‍ച്ച്, മാപ്പ് എന്നിവ വഴി പ്രളയം, കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് വേണ്ടിയും എന്‍.ഡി.എം.എയുമായി സഹകരിച്ചുവരികയാണെന്നും ഗൂഗിള്‍ പറഞ്ഞു. Earthquake near me പോലുള്ള വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനാവും. ആന്‍ഡ്രോയിഡ് ഫോണ്‍ പിന്തുണയ്ക്കുന്ന എല്ലാ ഭാഷകളിലും അറിയിപ്പ് ലഭിക്കും.
എര്‍ത്ത് ക്വേക്ക് അലര്‍ട്ട് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം.
*ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും, ലൊക്കേഷനും ഓണ്‍ ആയിരിക്കണം.
*ഫോണില്‍ സെറ്റിങ്സ് തുറക്കുക
*Saftey & Emergency തിരഞ്ഞെടുത്ത് Earthquake alert ടാപ്പ് ചെയ്യുക
*Saftey & Emergency ഓപ്ഷന്‍ കാണുന്നില്ലെങ്കില്‍ Location- Advanced തിരഞ്ഞെടുത്ത് Earthquake Alert തിരഞ്ഞെടുക്കുക.
*ഇവിടെ അലര്‍ട്ട് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.