കനത്ത മഴയുമായി ലാ നിന വരുന്നു; കേരളം പേടിക്കണോ?

Share our post

തിരുവനന്തപുരം: മറ്റൊരു അതിതീവ്ര മഴ താങ്ങാൻ സാധിക്കാത്ത തരത്തിൽ കേരളം മാറിയിരിക്കെ ശക്തമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിച്ച് ലാ നിന വരുന്നു. ആഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനം മൂലം അതിതീവ്ര മഴ പെയ്യുന്നത് സംസ്ഥാനത്ത് മഴ കൂട്ടുന്ന ലാ നിന പ്രതിസന്ധി ഉണ്ടാക്കുമോ? മലയാളികൾ കൂടുതൽ ഭയക്കേണ്ടതുണ്ടോ? നമുക്ക് പരിശോധിക്കാം.

അതിതീവ്ര മഴ കേരളത്തിന് പുതുമയില്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ഈ സമയത്താണ് മഴയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള ലാ നിന എത്തുന്നത്. ഈ പ്രതിഭാസം കാരണം ഇന്ത്യയിൽ ഇത്തവണ മൺസൂൺ മുൻ വർഷങ്ങളിലേക്കാൾ ശക്തിപ്പെടുമെന്നും കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ സാധാരണയിലും കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇത്തരം വാർത്തകൾ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആളുകളെ കൂടുതൽ ഭീതിപ്പെടുത്തുന്നുമുണ്ട്.

ഈ വർഷം പകുതി കഴിഞ്ഞതോടെ തന്നെ ആഗോള തലത്തിൽ കാലാവസ്ഥയെ സ്വാധീനിക്കുന്ന എൽ നിനോ പ്രതിഭാസം ദുർബലമായിരുന്നു. അതേസമയം ലാ നിന രൂപപ്പെടാനുള്ള സാധ്യതയും വർധിച്ചു. ലാ നിനയുടെ കാര്യത്തിൽ പ്രവചനം കൃത്യമായി നടത്തുക പ്രയാസമാണെങ്കിലും ഈ മാസം അവസാനത്തോടെ ലാ നിന പ്രതിഭാസത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മഴ കൂടുതൽ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. നിലവിൽ എൽ നിനോ പ്രതിഭാസം അവസാനിച്ചു. ലാ നിന പ്രതിഭാസം സംഭവിക്കാനുള്ള അനുകൂല സാഹചര്യങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ എപ്പോൾ മുതൽ ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്ന് പറയാൻ നിലവിലെ സാഹചര്യത്തിൽ അനുമാനങ്ങൾ മാത്രമാണ് കാലാവസ്ഥാ ഏജൻസികൾക്കുള്ളത്.

ലാ നിന പ്രതിഭാസം മൂലം രാജ്യത്ത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസം മുമ്പ് വന്ന ഈ മുന്നറിയിപ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ ഭയത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ച് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിന് കാരണമായത് അതിതീവ്ര മഴയായിരുന്നു എന്നതാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. കാലാവസ്ഥയിലുള്ള മാറ്റം മൂലം ഏറെ നേരമെടുത്ത് ശക്തമായ മഴ പെയ്യുന്നതിന് പകരം നിശ്ചിത സ്ഥലത്ത് കുറഞ്ഞ സമയത്ത് അതിതീവ്ര മഴയും മേഘവിസ്‌ഫോടനങ്ങളുമാണ് സംഭവിക്കുന്നത്. രാജ്യത്തുടനീളം ഈ പ്രതിഭാസമുണ്ട്.

എന്താണ് ലാ നിന, എന്തുകൊണ്ട് പേടിക്കണം?

എൽ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായാണ് ലാ നീനയുടെ പ്രവർത്തനം. ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. ഇന്ത്യയുടെ മൺസൂൺ കാലത്തിനെ കാര്യമായി സ്വാധീനിക്കുന്ന എൽ നിനോ മഴ പെയ്യുന്നത് കുത്തനെ കുറയുന്നതിന് കാരണമാകും. ഇതിന്റെ നേർ വിപരീതമാണ് ലാ നിന. എൽ നിനോ കൃത്യമായ ഇടവേളകളിൽ ആവർത്തിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ആവർത്തിക്കുന്നതിന്റെ ഇടവേള കുറയുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലാ നിനയ്ക്ക് ഇങ്ങനെ ഇടവേളകൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല.

എൽ നിനോ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കനത്ത മഴ പെയ്യിക്കുമ്പോൾ മറ്റിടങ്ങളിൽ വരൾച്ച, കൊടുങ്കാറ്റ്, കാട്ടുതീ അങ്ങനെ പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങളാണ് ഉണ്ടാക്കുന്നത്. എൽ നിനോയുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ലാ നിന എന്ന് വേണമെങ്കിൽ പറയാം. ശൈത്യകാലത്ത് വേനൽകാലമെന്നപോലെ ചൂട് അനുഭവപ്പെടുക, മഴക്കാലത്ത് വലിയതോതിൽ മഴ പെയ്യുക, മഞ്ഞുവീഴ്ച അതിതീവ്രമാകുക അങ്ങനെ പല പ്രതിസന്ധികളാണ് ലാ നിന ഉണ്ടാക്കുന്നത്.

കേരളം പേടിക്കണോ? ലാ നിന വന്നാൽ വീണ്ടും പ്രളയമോ?

മൺസൂൺ മഴയെ ആശ്രയിച്ചാണ് രാജ്യത്തെ കൃഷി, വൈദ്യുതി ഉത്പാദനം എന്നിവ മുന്നോട്ടുപോകുന്നത്. സാധാരണ മഴയിൽ തന്നെ പലയിടത്തും വെള്ളപ്പൊക്കവും കൃഷിനാശവും സാധാരണമാണ്. അപ്പോൾ പതിവിൽ കൂടുതൽ മഴ പെയ്യുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ കേരളം കരുതിക്കൂട്ടി തന്നെ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ഇങ്ങനെയൊക്കെയാണ് ചർച്ചകൾ പോകുന്നത്. പക്ഷെ ഭീതി പരത്തുന്നവർ പലപ്പോളും മറന്നുപോകുന്ന ഒന്നുണ്ട്. കേരളത്തിൽ സാധാരണ ഗതിയിൽ മഴ കുറവുള്ള സമയമാണ് സെപ്റ്റംബർ മാസം. ലാ നിന ശക്തി പ്രാപിച്ചാലും ഈ മാസം സാധാരണ പെയ്യുന്നതിലും മഴ പെയ്യുമെന്ന് പറഞ്ഞാലും അത് അതിതീവ്ര മഴയാകാനുള്ള സാധ്യത കുറവാണെന്നാണ് കാലാവസ്ഥ കേന്ദ്രം വിശദീകരിക്കുന്നത്.

എന്നിരുന്നാലും കേരളത്തിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ ശക്തമായ മഴ പെയ്ത ചരിത്രവുമുണ്ടായിട്ടുണ്ട്. 2018ലെയും 19ലെയും പ്രളയം ഈ ഈ സമയത്ത് പെയ്ത അതി ശക്തമായ മഴയായിരുന്നു. അതുകൊണ്ട് തന്നെ ഭരണ സംവിധാനങ്ങളും ജനങ്ങളും മഴയം കരുതിയിരിക്കണമെന്നുമാത്രം. പ്രത്യേകിച്ച് വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽകൂടുതൽ ജാഗ്രത മലയോര മേഖലകളിൽ പുലർത്തേണ്ടി വരും. തീരദേശ മേഖലകളിൽ കടൽക്ഷോഭവും രൂക്ഷമാകും. ലാ നിന മൂലം മഴയുടെ അളവിൽ വലിയ തോതിലുള്ള വർധനവ് പ്രതീക്ഷിക്കുന്നില്ല. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന് ശേഷം കേരളത്തിൽ വെയിൽ തെളിയുന്ന കാലാവസ്ഥയാണ് മിക്കയിടത്തും. എന്നാൽ ആഗസ്റ്റ് പകുതിയോടെ കാര്യങ്ങൾ മാറാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

എൽ നിനോ 2024-ന്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കിൽ 2024 ചൂടേറിയ വർഷമാകുമെന്നും അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചനമുണ്ടായിരുന്നു. ഉയർന്ന താപനിലയുടെ കാര്യത്തിൽ പ്രവചനം ഏറെക്കുറെ പൂർണമായും ശരിയാവുകയും ചെയ്തു. എൽ നിനോ പ്രതിഭാസം കാരണം മഴ കുറവായിരിക്കുമെന്നു വേനൽക്കാലത്ത് ചൂട് അസഹനീയമായിരിക്കുമെന്നുമായിരുന്നു പ്രവചനം. ഇത്തവണത്തെ വേനൽ തീവ്രമാവുകയും ചെയ്തു. കഴിഞ്ഞ മൺസൂണിൽ മഴ കുറയുകയും ചെയ്തു. എന്നാൽ ഇത്തവണ മൺസൂൺ സാധാരണമായിരിക്കുമെന്നാണ് നേരത്തെയുള്ള വിലയിരുത്തൽ. അതിനെ ശക്തിപ്പെടുത്തുന്ന തരത്തിലാണ് ലാ നിനയുടെ വരവ്.

ഇതിനൊപ്പം ഇന്ത്യയിലെ മൺസൂണിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോളാർ ( ഐ.ഒ.ഡി) എന്ന അവസ്ഥ. ഇത് പോസിറ്റാവാകുമെന്നാണ് പ്രവചനം. അതായത് അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും രണ്ട് തരത്തിലുള്ള താപനില ഉണ്ടാകുന്ന അവസ്ഥ. അറബിക്കടൽ ചൂടാവുകയും ബംഗാൾ ഉൾക്കടലിന് ചൂട് കുറയുകയും ചെയ്യുമ്പോഴാണ് ഐ.ഒ.ഡി. പോസിറ്റീവ് ആകുന്നത്. ഇതും മൺസൂൺ കാലത്ത് മഴ വർധിക്കാൻ ഇടയാക്കും. എന്നാൽ ഇതുവരെ ഐ.ഒ.ഡി പോസിറ്റീവായിട്ടില്ല. ഈ മൺസൂൺ കാലത്ത് ഉടനെ പോസിറ്റീവാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുമില്ല.

ലാ നിനയെ നമ്മൾ പേടിക്കണോ?

നിലവിൽ ലാ നിനയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങൾ ന്യൂട്രൽ അവസ്ഥയിലാണെന്ന് പറയുകയാണ് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ. എൽ നിനോ പ്രതിഭാസം അവസാനിച്ചു. നിലവിൽ ശാന്തസമുദ്രം തണുക്കുന്ന അവസ്ഥയിലേക്ക് പോവുകയാണ്. കൂടുതൽ തണുക്കുന്ന അവസ്ഥയിലേക്ക് പോകുമ്പോളാണ് ലാ നിന ഉണ്ടായതായി കണക്കാക്കുക. ലാ നിന മൂലം മഴ കൂടാൻ സാധ്യതയുണ്ട്. എന്നാൽ അതുമൂലം അതിതീവ്രമായ മഴ പെയ്യുമെന്ന് പറയാൻ പറ്റില്ല.

ലാ നിന ഉണ്ടായപ്പോഴൊക്കെ സാധാരണയിലും കൂടുതൽ മഴ പെയ്യുകയും മഴ സാധാരണ ഗതിയിൽ പോവുകയും ചെയ്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. മഴ കൂടുമെന്ന് പറയാൻ കാരണം 90 ശതമാനം സാഹചര്യത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നുള്ളതുകൊണ്ടാണ്. മറ്റ് പ്രകൃതി പ്രതിഭാസങ്ങൾ പോലെ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്ന ഒന്നല്ല ലാ നിന. അത് സംഭവിക്കുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. നിലവിലെ ന്യൂട്രൽ അവസ്ഥ നീണ്ടുപോകാനും സാധ്യതയുണ്ട്.

നിലവിൽ എൽ നിനോ ദുർബലമായി അതിന്റെ കോൾഡ് സ്‌റ്റേജിലെത്തി. അതിന്റെ നേർ വിപരീതമെന്ന് പറയാവുന്ന ഒന്നാണ് ലാ നിന. അതുമൂലം മഴ കൂടാൻ സാധ്യതയുണ്ട്. സാധാരണ ഗതിയിൽ ജൂൺ- ജൂലൈ മാസത്തെ അപേക്ഷിച്ച് നമുക്ക് സെപ്റ്റംബർ മാസത്തിൽ മഴ കുറവാണ് കിട്ടുന്നത്. അപ്പോൾ ലാ നിന മൂലം സാധാരണയിലും കൂടുതൽ മഴ എന്ന് പറയുമ്പോൾ ഈ സമയത്ത് കിട്ടുന്ന മഴയെ നമുക്ക് മഴ കൂടുതൽ കിട്ടുന്ന സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തരുത്. അത് ശരിയായ രീതിയല്ല. കാലാവസ്ഥയെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. അതിലൊന്നാണ് ലാ നിനയും എൽ നിനോയുമൊക്കെ. അതുപോലൊന്നാണ് ഇന്ത്യൻ ഓഷ്യൻ ഡൈ പോളാർ എന്ന പ്രതിഭാസവും. അത് ഇപ്പോൾ ന്യൂട്രൽ സ്‌റ്റേജിലാണ്. ഉടനെ അത് പോസിറ്റീവാകുമെന്ന് പ്രതീക്ഷിക്കുന്നില്ല- അവർ കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!