ദുബായ് നഗരം ചുറ്റിക്കാണാം, ടൂറിസ്റ്റുകള്‍ക്ക് മാത്രമായി ബസ് സര്‍വീസ്

വിനോദസഞ്ചാരികള്‍ക്ക് ദുബായ് നഗരം ചുറ്റിക്കാണാന്‍ പുതിയ ടൂറിസ്റ്റ് ബസ് (ഓണ്‍ ആന്‍ഡ് ഓഫ് ബസ്) അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കും. എമിറേറ്റിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓണ്‍ ആന്‍ഡ് ഓഫ് ബസ് സര്‍വീസ് സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍.ടി.എ.) അതോറിറ്റി അറിയിച്ചു. ദുബായ് മാളില്‍നിന്നാരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍, ഗോള്‍ഡ് സൂഖ്, ദുബായ് മാള്‍, ലാ മെര്‍ ബീച്ച്, ജുമൈര പള്ളി, സിറ്റി വാക്ക് എന്നീ പ്രധാന എട്ട് കേന്ദ്രങ്ങളും ലാന്‍ഡ്മാര്‍ക്കുകളും യാത്രക്കാര്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ പത്തുമുതല്‍ രാത്രി 10-വരെയാണ് സര്‍വീസ്. ദുബായ് മാളില്‍നിന്ന് ഓരോ 60 മിനിറ്റിലും പുറപ്പെടും.
യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് ദൈര്‍ഘ്യം. 35 ദിര്‍ഹത്തിന്റെ ടിക്കറ്റെടുത്താല്‍ ദിവസത്തില്‍ ഏത് സമയവും സഞ്ചരിക്കാം.മെട്രോ, മറൈന്‍ ഗതാഗതം, പൊതുബസുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് ദുബായ് ഓണ്‍ ആന്‍ഡ് ഓഫ് ബസ് സര്‍വീസ് നടത്തുകയെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു. നഗരം എളുപ്പത്തില്‍ ആസ്വദിക്കാന്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അവസരമൊരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സുരക്ഷ, ലോകോത്തര സേവനങ്ങള്‍, എല്ലാ മേഖലകളിലെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാല്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും നിക്ഷേപകരുടെയും ദുബായിലേക്കുള്ള വരവ് വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.