വയനാട് ദുരന്തം; 310 ഹെക്ടർ കൃഷി നശിച്ചതായി കൃഷിവകുപ്പ്

Share our post

മേപ്പാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി നശിച്ചതായാണ് പ്രാഥമിക വിവരം. മേപ്പാടി പഞ്ചായത്തിന്റെ കണക്ക് പ്രകാരം ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാര്‍ഡുകളിലെ 750 ലധികം കുടുംബങ്ങൾ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങൾ. 50 ഹെക്ടർ സ്ഥലത്തെ ഏലം, 100 ഹെക്ടറിൽ കാപ്പി, 70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടര്‍ തേയില, 10 ഹെക്ടർ നാളികേരം,15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്‍റെ പ്രാഥമിക കണക്കുകൾ. കാർഷികോപകരണങ്ങളായ 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പ്രേയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ എന്നിവയും നഷ്ടപ്പെട്ടു. വീട്ടു വളപ്പിലെ കൃഷിയും ദുരന്ത പ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നുണ്ട്. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് കൃഷി നാശത്തിൻ്റെയും ആസ്തി നശിച്ചതിൻ്റെയും നഷ്ടം കണക്കാക്കി സർക്കാർ സഹായം നൽകും.കർഷകർക്കായി വിതരണം ചെയ്ത കാർഷിക വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!