നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇനിമുതല്‍ കൊച്ചുവേളി, തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം, തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്‌റ്റേഷനുകളുടെയും പേര് മാറ്റണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് അനുമതി നല്‍കിയതോടെയാണ് പേരുമാറ്റം യാഥാര്‍ഥ്യമായത്. നിലവില്‍ കൊച്ചുവേളിയില്‍നിന്ന് നിരവധി ദീര്‍ഘദൂര സര്‍വീസുകളുണ്ട്. എന്നാല്‍ കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൊച്ചുവേളി, തിരുവനന്തപുരത്തിന് അടുത്തുള്ള സ്ഥലമാണെന്ന് തിരിച്ചറിയാനാകുന്നില്ല.
കൂടാതെ നേമം സ്റ്റേഷന്‍ വികസിപ്പിച്ച് തിരുവനന്തപുരം സെന്‍ട്രലിന്റെ ഉപഗ്രഹ സ്റ്റേഷനാക്കാനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇക്കാരണങ്ങളാലാണ് ഈ സ്റ്റേഷനുകളുടെ പേരുകളില്‍ തിരുവനന്തപുരം എന്ന് ചേര്‍ത്ത് ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം ഉണ്ടായത്. ശശി തരൂര്‍ എം.പി.യും റെയില്‍വേ വികസനസമിതിയും നേരത്തെ തന്നെ ഇത്തരത്തിലുള്ള തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ എണ്ണം പരമാവധിയായതോടെയാണ് കൊച്ചുവേളിയെയും നേമത്തെയും ഉപഗ്രഹ ടെര്‍മിനലുകളാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചത്.
കൊച്ചുവേളിയും നേമവും പേര് മാറ്റുകയും നിലവിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ റെയില്‍വേ രംഗത്ത് തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തെ യാത്രക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. കൊച്ചുവേളിയും നേമവും പേര് വികസിക്കുന്നതോടെ തമ്പാനൂരില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ യാത്രക്കാര്‍ക്കായി ഉപയോഗപ്പെടുത്താനാകും. തീവണ്ടികള്‍ സമയകൃത്യത പാലിക്കുകയെന്നും പ്രതീക്ഷയുണ്ട്.
കൊച്ചുവേളിയില്‍ കൂടുതല്‍ സൗകര്യം
കൊച്ചുവേളിയിലെ മാധവപുരത്തെ പഴയ റെയില്‍വേ സ്റ്റേഷന്‍ കൂടുതല്‍ നവീകരിക്കും. 20 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കൊച്ചുവേളിയില്‍ അന്തിമഘട്ടത്തിലാണ്. സ്റ്റേഷന്റെ സൗന്ദര്യവത്കരണം, വാട്ടര്‍ ഹൈഡ്രന്റ് ലൈന്‍, ഷെല്‍റ്റര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കൊച്ചുവേളിയില്‍ മൂന്ന് പിറ്റ്ലൈന്‍ നിലവിലുണ്ട്. ഇതിനൊപ്പം നാലാമതൊരു പിറ്റ്ലൈന്‍ കൂടി നിര്‍മിക്കും. ഇതോടെ കൂടുതല്‍ തീവണ്ടികള്‍ കൊച്ചുവേളിയില്‍ നിര്‍ത്തിയിടാനാകും. നിലവിലെ കൊച്ചുവേളി സ്റ്റേഷനില്‍ സൗന്ദര്യവത്കരണപദ്ധതിയും നടപ്പാക്കും. കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങാനാകുംവിധമാണ് കൊച്ചുവേളിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്.