കോളയാട് പെരുവയിലെ ദുരിതാശ്വാസ ക്യാമ്പ് നിർത്തി

കോളയാട്: പെരുവ ഉരുപൊട്ടലിനെ തുടർന്ന് പാലത്തുവയൽ ഗവ.യു.പി സ്‌കൂളിൽ ഏർപ്പെടുത്തിയ ദുരിതാശ്വാസ ക്യാമ്പ് നിർത്തി. കഴിഞ്ഞ ഒരാഴ്ചയായി പ്രവർത്തിച്ച ക്യാമ്പാണ് മഴ മാറിയതോടെ അവസാനിപ്പിച്ചത്. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി , പഞ്ചായത്തംഗങ്ങളായ ശ്രീജ പ്രദീപ്, റോയ് പൗലോസ്, വില്ലേജ് അസിസ്റ്റന്റ് റോഷൻ തുടങ്ങിയവർ ക്യാമ്പ് അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി
ജൂലൈ 30ന് പുലർച്ചെയാണ് കണ്ണവം വനത്തിലെ കൊളപ്പ, തെറ്റുമ്മൽ, ചെമ്പുക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി സ്ഥലത്ത് ഉരുൾ പൊട്ടിയത്. 100 -ൽ പരം വീടുകളിൽ വെള്ളം കയറുകയും നിരവധി കുടുംബങ്ങൾ ഒറ്റപ്പെടുകയുമുണ്ടായി. 25 കുടുംബങ്ങളിൽ നിന്നായി 54 പേർ ഒരാഴ്ച ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞത്.