കടബാധ്യത; തൊഴിലുറപ്പ് തൊഴിലാളികളായ ദമ്പതിമാർ ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിൽ

Share our post

വെള്ളറട(തിരുവനന്തപുരം): കിളിയൂരില്‍ തൊഴിലുറപ്പുതൊഴിലാളികളായ ദമ്പതിമാരെ വീടിനു സമീപത്തുള്ള റബ്ബര്‍പുരയിടത്തില്‍ ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. കിളിയൂര്‍ പനയത്ത് പുത്തന്‍വീട്ടില്‍ ജോസഫ് (73), ഭാര്യ ലളിതാഭായി (64) എന്നിവരാണ് മരിച്ചത്. ഇരുവരും തൊഴിലുറപ്പുതൊഴിലാളികളാണ്. ലളിതാഭായി ഇടയ്ക്കിടെ കാഷ്യു ഫാക്ടറിയിലും പണിക്കു പോകുന്നുണ്ടായിരുന്നു. വീടുനിര്‍മാണത്തിലുണ്ടായ കടബാധ്യതയാണ് മരണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ റബ്ബര്‍ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ഇരുവരെയും വീടിനു സമീപത്തുള്ള സ്വകാര്യ റബ്ബര്‍പുരയിടത്തില്‍ അടുത്തടുത്തായി മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയുംകൂടെ മകന്‍ സതീഷും ഭാര്യയും മക്കളുമാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാത്രി ഇരുവരും വീട്ടിലുണ്ടായിരുന്നതായും ആഹാരം കഴിച്ചശേഷം കിടന്നുറങ്ങാന്‍ മുറിയില്‍ പോയതായും വീട്ടുകാര്‍ പറഞ്ഞു. ആകെയുള്ള വസ്തുവില്‍ ലൈഫ് പദ്ധതിപ്രകാരമാണ് ഇവര്‍ക്ക് വീട് ലഭിച്ചത്. പദ്ധതിവിഹിതം കൂടാതെ പിന്നീട് കുറച്ചു പണംകൂടി കടംവാങ്ങിയും വായ്പയെടുത്തുമാണ് വീട് പണിതത്. ഇതിനെത്തുടര്‍ന്ന് കടബാധ്യതയുണ്ടായതായും പോലീസ് പറഞ്ഞു. ജോസഫിനു തൊഴിലുറപ്പില്‍നിന്നു കിട്ടുന്ന വേതനവും ഭാര്യയുടെ കൂലിയുമാണ് കുടുബത്തിന്റെ ഏക വരുമാനം.

നിര്‍മാണത്തൊഴിലാളിയായ മകനു ഇതിനിടില്‍ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് പണിക്കു പോകാതെയുമായി. കടബാധ്യതയെത്തുടര്‍ന്ന് ഇടയ്ക്കു വീട് വില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കടം വീട്ടാന്‍ കഴിയാത്ത മനോവിഷമത്തിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം വൈകീട്ട് ആറുമണിയോടെ വീട്ടുവളപ്പില്‍ നടന്നു. മറ്റുമക്കള്‍: സജിത, സബിത. മരുമക്കള്‍: സ്റ്റീഫന്‍, സുരേഷ്, മഞ്ജു. മരണവിവരമറിഞ്ഞ് വെള്ളറട പോലീസും വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!