വര്‍ഷങ്ങള്‍ക്കുമുന്‍പ് തീരത്തടിഞ്ഞ കൂറ്റന്‍ കടലാമ, കടല്‍പ്പന്നി; കോഴിക്കോട് കാഴ്ച ബംഗ്‌ളാവില്‍ കാണാം

വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് കടല്‍ത്തീരത്ത് ചത്തടിഞ്ഞ കൂറ്റന്‍ കടലാമയും ഡോള്‍ഫിനോട് സമാനതയുള്ള കടല്‍പ്പന്നിയും പൂര്‍ണമായി ഇല്ലാതായില്ല. അവയെ സംസ്‌കരിച്ച് വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രവിഷയങ്ങളോട് കൗതുകമുള്ളവര്‍ക്കും കാണാനും പഠിക്കാനുമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കുള്ള ഒരേയൊരു ഓഫീസിലെ കാഴ്ച ബംഗ്‌ളാവില്‍ കഴിഞ്ഞദിവസം അവ പ്രദര്‍ശനത്തിനെത്തി.
2022 ഫെബ്രുവരി 12-ന് കോഴിക്കോട് കടല്‍ത്തീരത്തടിഞ്ഞ പസഫിക് റിഡ്ലി കടലാമ എന്നറിയപ്പെടുന്ന ഒലിവ് റിഡ്ലി കടലാമയാണ് സംരക്ഷിക്കപ്പെട്ട ഒരിനം. ഈ ആമയുടെ മാംസളമായ ഭാഗമെല്ലാം നീക്കം ചെയ്ത് രാസപ്രക്രിയയിലൂടെ സംസ്‌കരിച്ചാണ് കാഴ്ചവസ്തുവായി ജാഫര്‍ഖാന്‍ കോളനിയിലെ ഇസെഡ്.എസ്.ഐ. കേന്ദ്രത്തിലൊരുക്കിയത്. ഡോള്‍ഫിനോട് സാമ്യമുള്ള പൊര്‍പോയിസിന്റെ മൃതശരീരം സംസ്‌കരിച്ച് അതിന്റെ അസ്ഥികൂടമാണ് ഇവിടെ ഒരുക്കിയ മറ്റൊന്ന്. ഇന്തോ പസഫിക് ഫിന്‍ലെസ്സ് പെര്‍പോയിസിന്റെ അസ്ഥികൂടവും ഏറെനാളത്തെ ശ്രമഫലമായാണ് ഇവിടെ കഴിഞ്ഞദിവസം സ്ഥാപിച്ചത്.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. വി.ഡി. ഹെഗ്‌ഡെ, ഡോ. പി. ഗിരീഷ് കുമാര്‍, മണികണ്ഠന്‍ നായര്‍, കെ.എ. ദിനേശന്‍, പി.പി. ശക്തി, സന്തോഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവയെ കടപ്പുറത്ത് നിന്ന് ശേഖരിച്ച് സംസ്‌കരിച്ചത്.
പ്രവേശനം സൗജന്യം
2008-ല്‍ ജാഫര്‍ഖാന്‍ കോളനിക്ക് സമീപം ഉദ്ഘാടനം ചെയ്ത നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജന്തുവൈവിധ്യ മ്യൂസിയത്തില്‍ പ്രവേശനം സൗജന്യമാണ്. നിരവധി അപൂര്‍വ ജന്തുജാലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇവിടത്തെ ശാസ്ത്രജ്ഞര്‍ പലപ്പോഴായി ശേഖരിച്ച നൂറുകണക്കിന് സാംപിളുകള്‍ ഇവിടെയുണ്ട്.