പെരുവയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി നാട്ടുകാർ

കോളയാട് : പെരുവ വാർഡിലെ കൊളപ്പ, തെറ്റുമ്മൽ, കുന്നുവളപ്പ്, ചെമ്പുക്കാവ് എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായവുമായി നാട്ടുകാർ. ഉരുൾ പൊട്ടലിൽ പുഴ ഗതി മാറിയൊഴുകിയതിനാൽ നിരവധി വീടുകൾക്ക് മരങ്ങൾ ഭീഷണിയായി മാറിയിരുന്നു. ഇവ പെരുവയിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയും എംപ്ലോയീസ് ഫോറവും ഫോറസ്റ്റ് അധികൃതരും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റി.
പെരുവ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ നാല്പത് കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെ നിന്നും വീടുകളിൽ തിരിച്ചെത്തുമ്പോൾ സുരക്ഷിത താമസമൊരുക്കുന്നതിനാണ് നാട്ടുകാർ അടിയന്തരമായി അപകട നിലയിലായ മരങ്ങൾ മുറിച്ചു മാറ്റിയത്.
വീടുകളിലെ ചെളിയും മറ്റ് സാധനങ്ങളും ഒരു പരിധിവരെ നേരത്തെ നീക്കം ചെയ്തിട്ടുണ്ട്. കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രയാസമാണ് നിലവിലുള്ളത്. പ്രദേശത്ത് പൈപ്പ് വഴിയാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാൽ, ശക്തമായ മഴ വെള്ളത്തിൽ ജലനിധി പദ്ധതിയുടെ പൈപ്പുകൾ മുഴുവനും നശിച്ചു. മിക്ക വീടുകളിലെ കിണറുകളും പൂർണമായും മൂടപ്പെട്ടിട്ടുണ്ട്. വീട് നിർണത്തിനെത്തിച്ചിരിക്കുന്ന ജെല്ലി, മണൽ പോലെയുള്ള അസംസ്കൃത വസ്തുക്കളും മഴവെള്ളത്തിൽ ഒലിച്ചു പോയി.
പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ കൂടുതൽ ഇടപെടൽ ഈ ഭാഗങ്ങളിൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരുവ പുഴക്ക് നാട്ടുകാർ നിർമിച്ച നടപ്പാലങ്ങളും എം.പി ഫണ്ടിൽ നിർമിച്ച നടപ്പാലവും പൂർണമായും ഒലിച്ചുപോയതിനാൽ വിവിധ പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. കൊളപ്പ പ്രദേശത്ത് എത്താനുള്ള റോഡും പൂർണമായും തകർന്ന നിലയിലാണ്.