കണ്ണൂർ വിമാനത്താവളത്തിൽ മയിലുകൾ എത്തുന്നത് കൂടുന്നു; വിമാനയാത്രയ്ക്ക് തടസ്സം

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മയിലുകൾ കൂടുന്നു. പാർക്കിങ്ങിലും റോഡിലും മയിലുകൾ എത്തി തുടങ്ങി. പ്രവേശന കവാടം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാട്ടിലും പാർക്കിങ്ങിന് മുൻവശത്തുള്ള കാട്ടിലും രാജ്യാന്തര കാർഗോ കെട്ടിട പരിസരത്തും വിമാനത്താവള ചുറ്റുമതിലിന് സമീപത്തുള്ള വീടുകളിലും മയിൽ ഭക്ഷണം തേടിയെത്തി തുടങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം വിമാനത്താവള റൺവേക്ക് സമീപം നാഗവളവിൽ തലശ്ശേരി–മട്ടന്നൂർ റോഡ് മുറിച്ച് കടന്ന് മയിലുകൾ ഇക്കരെ കടക്കുന്നത് കണ്ടവരുണ്ട്. വിമാനത്താവള പരിസരത്ത് മയിലുകൾ പെരുകിയതോടെ വിമാന യാത്രയ്ക്ക് തടസ്സമാണെന്ന് എയർലൈനുകൾ കിയാൽ വഴി ചൂണ്ടിക്കാണിച്ചതോടെ വിഷയം മന്ത്രിയുടെ അടുത്ത് വരെ എത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഇക്കാര്യം മന്ത്രിയുടെ അടുത്ത് എത്തിയതോടെ വിമാനത്താവള പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം നൽകിയിരുന്നു. വിമാനത്താവള പരിസരത്തെ മയിൽ ശല്യം പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്നും റൺവേയിലേക്ക് കയറുന്നത് വനം ദ്രുത കർമസേന തടയുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. വിമാനത്താവള പരിസരത്തെ വീടുകളിലും വേനൽക്കാലത്ത് മയിലുകൾ നിത്യ സന്ദർശകരായിരുന്നു. അടുത്ത ദിവസങ്ങളിലാണ് മയിലുകൾ വിമാനത്താവളത്തിന് ഉള്ളിൽ ആളുകൾ കണ്ട് തുടങ്ങിയത്. ‘വിമാനത്താവളത്തിലെ മയിലുകളെ’ സംബന്ധിച്ചുള്ള പഠനം നടത്തി വരികയാണെന്നും റിപ്പോർട്ട് അനുസരിച്ച് ഉന്നത അധികാരികളുമായി കൂടി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.