‘ഫീസ് വര്‍ധിപ്പിച്ചാല്‍ അത് അടക്കും’; കാലാവധി പുതുക്കിയ വാഹനം വാങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം

15 വര്‍ഷം പൂര്‍ത്തിയായി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) പുതുക്കിയ വാഹനം വാങ്ങുന്നവരും ഇനി മോട്ടോര്‍വാഹനവകുപ്പിന് സത്യവാങ്മൂലം നല്‍കണം. ആര്‍.സി. പുതുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ഫീസ് വര്‍ധിപ്പിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇത് താത്കാലികമായി തടയുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ അന്തിമവിധിയില്‍ ഫീസ് വര്‍ധിപ്പിക്കയാണെങ്കില്‍ അത് അടയ്ക്കാമെന്നാണ് സത്യവാങ്മൂലം നല്‍കേണ്ടത്. ആര്‍.സി. പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കുമ്പോഴാണ് സത്യവാങ്മൂലവും നല്‍കേണ്ടത്. നേരത്തേ ആര്‍.സി. പുതുക്കാനും ഇതേ മാനദണ്ഡപ്രകാരം സത്യവാങ്മൂലം നല്‍കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
ഇങ്ങനെ പുതുക്കിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ പുതിയ ഉടമയ്ക്ക് ഈ മാനദണ്ഡം അറിയാനിടയില്ല. പിന്നീട് ഹൈക്കോടതിയുടെ ഉത്തരവ് വരുമ്പോള്‍ വര്‍ധിപ്പിച്ച തുക ഈടാക്കണമെന്നാണെങ്കില്‍ അത് അടക്കേണ്ടിവരിക പുതിയ ഉടമയാകും. അത് പിന്നീട് നിയമപ്രശ്നങ്ങളിലേക്ക് പോകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് സത്യവാങ്മൂലം വാങ്ങാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്. രജിസ്ട്രേഷനും ഫിറ്റ്നസും പുതുക്കിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ 200 രൂപയുടെ മുദ്രപത്രത്തിലാണ് സത്യവാങ്മൂലം നല്‍കേണ്ടത്. ഒരുവര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ 15 വര്‍ഷംകഴിഞ്ഞ വാഹനങ്ങളുടെ ആര്‍.സി. പുതുക്കുന്നതിനുള്ള തുക വര്‍ധിപ്പിച്ചത്. നിലവിലെ തുകയുടെ പത്തിരട്ടിയോളമായിരുന്നു വര്‍ധന. സംസ്ഥാനത്ത് ഇത് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. വര്‍ധിപ്പിച്ച ഫീസ് ഈടാക്കാമെന്ന് കേസില്‍ അന്തിമ ഉത്തരവ് വന്നാല്‍ ഇതുവരെ പുതുക്കിയവരില്‍ നിന്നെല്ലാം വര്‍ധിപ്പിച്ച തുക മോട്ടോര്‍വാഹന വകുപ്പിന് വാങ്ങേണ്ടിവരും.