കോളയാട്ടെ ദുരിതാശ്വാസ ക്യാമ്പിൽ കമ്പിളിപ്പുതപ്പുകൾ നൽകി ബംഗാളി യുവാവ്

കോളയാട് : പെരുവ ഉരുൾപൊട്ടലിനെത്തുടർന്ന് പാലയത്തുവയൽ ഗവ. യു.പി. സ്കൂൾ റിലീഫ് ക്യാമ്പിൽ കഴിയുന്നവർക്ക് ഇതരസംസ്ഥാന യുവാവ് കമ്പിളിപ്പുതപ്പുകൾ നൽകി. കാൽനടയായി പുതപ്പുകൾ വിറ്റ് ഉപജീവനം നടത്തുന്ന ബംഗാൾ സ്വദേശി അല്ലുവാണ് ഒരുദിവസം വില്ക്കാൻ കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ക്യാമ്പിലെ അംഗങ്ങൾക്ക് സൗജന്യമായി നൽകിയത്. പെരുവയിൽ പുതപ്പുകൾ വില്ക്കാനെത്തിയ അല്ലു ഉരുൾപൊട്ടലിനെക്കുറിച്ചും റിലീഫ് ക്യാമ്പിനെക്കുറിച്ചും അറിഞ്ഞതോടെ ക്യാമ്പിലെത്തി കൈവശമുള്ള പുതപ്പുകൾ മുഴുവനും നൽകുകയായിരുന്നു. തൻ്റെ പേര് ആരോടും പറയരുതെന്നാണ് അല്ലു ക്യാമ്പിലുള്ളവരോട് ആവശ്യപ്പെട്ടത്.