കോളയാടിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി

എടയാർ : കോളയാടിൽ മിനി ലോറിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് എടയാർ കൊളത്തായി ബി.എസ്.എൻ.എൽ. ടവറിന് സമീപത്താണ് സംഭവം. കഴിഞ്ഞ ദിവസം ഇവിടുന്ന് രൂക്ഷ ഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ ഇതുവഴി വരുന്ന വാഹനങ്ങൾ നിരീക്ഷിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ടാങ്ക് കയറ്റിയ മിനി ലോറി കൊളത്തായി ഭാഗത്തേക്ക് പോകുന്നതായി നാട്ടുകാർ കണ്ടിരുന്നു. ടവറിന് സമീപത്തെ സ്ഥലത്ത് മാലിന്യം തള്ളിയ പി. ശേഖരൻ, ജയ്ഹിന്ദ് ശരവണൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി കണ്ണവം പോലീസിൽ ഏൽപിച്ചത്. തള്ളിയ മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു.