വ്യാജ രേഖയുണ്ടാക്കി ബാങ്കിൽ കൊടുത്ത് പണം സ്വന്തം പേരിലാക്കി; പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർഷം തടവ്

Share our post

കോട്ടയം: വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർ‍ഷം തടവും പിഴയും. കോട്ടയം ജില്ലയിലെ കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യരെ രണ്ട് കേസ്സുകളിലായി ആകെ 12 വർഷം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2005 ആഗസ്റ്റ് മുതൽ 2006 സെപ്തംബർ വരെയുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർ, വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ സമർപ്പിച്ച് ആകെ 1,20,958 രൂപ സ്വന്തം പേരിൽ മാറിയെടുത്തുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് കോട്ടയം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് രണ്ട് കേസുകളിലാണ് കഴിഞ്ഞ ദിവസം ശിക്ഷാ വിധി വന്നത്. രണ്ട് സാമ്പത്തിക വർഷങ്ങളിൽ നടന്ന ക്രമക്കേട് ആയതിനാൽ വിജിലൻസ് നൽകിയ രണ്ട് കേസ്സുകളിലും ബാലകൃഷ്ണ വാര്യർ കുറ്റക്കാരനാണെന്ന് വിജിലൻസ് കോടതി കണ്ടെക്കുകയായിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നുണ്ട്. കോട്ടയം വിജിലൻസ് മുൻ ഡി.വൈ.എസ്.പി കൃഷ്ണ കുമാർ.പി രജിസ്റ്റർ ചെയ്ത് കേസിൽ അന്ന് ഇൻസ്പെക്ടറായിരുന്ന പയസ് ജോർജ്ജാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെ.കെ ആണ് കോടതിയിൽ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!