ജീവൻ കണ്ടെത്താൻ സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും; മരണസംഖ്യ ഉയരുന്നു

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം മീററ്റ് ആര്‍.വി.സിയില്‍ നിന്ന് സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോണ്‍ കൂടി പങ്കാളിയാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയുടെ 50 അംഗ സംഘം ഉടന്‍ വയനാട്ടില്‍ എത്തും. ഇന്ത്യന്‍ നേവിയുടെ റിവര്‍ ക്രോസിംഗ് ടീമാണ് വയനാട്ടില്‍ എത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തില്‍ മെഡിക്കല്‍ വിദഗ്ധരുമുണ്ടാകും.
ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 84 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെൻ്ററിൽ മാത്രം 48 മൃതദേഹങ്ങളുണ്ട്. മലപ്പുറത്ത് നിലമ്പൂരിൻ്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത് 24 പേരുടെ മൃതദേഹമാണ്. ചാലിയാർ പുഴയിൽ ഒഴുകിയെത്തിയവ ആയിരുന്നു ഇത്. വയനാട് വിംസ് ആശുപത്രിയിലും നിരവധി മൃതശരീരങ്ങൾ ഉണ്ട്. കണ്ടെത്തിയ മൃതദേഹങ്ങളിൽ ഭൂരിഭാഗവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആസ്പത്രിയിലും മൃതദേഹങ്ങൾ ഉണ്ട്. 80 ലേറെ പേർ വിവിധ ആസ്പത്രികളിലായി ചികിത്സയിലുണ്ട്. കാണാതായവരെ കുറിച്ച് വിവരം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കും ആരംഭിച്ചിട്ടുണ്ട്.