കണ്ണവം സ്റ്റേഷൻ പരിധിയിലെ ക്യാമറകൾ പ്രവർത്തന സജ്ജമാക്കും

ചിറ്റാരിപ്പറമ്പ് : കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തന രഹിതമായ ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ കണ്ണവം പോലീസും ക്യാമറ ജനകീയ കമ്മിറ്റിയും പ്രവർത്തനം തുടങ്ങി. കണ്ണവം പോലീസ് സ്റ്റേഷനിൽ 2018-ൽ സ്ഥാപിച്ച 100 ക്യാമറകളിൽ കുറെയെണ്ണം കാലപ്പഴക്കത്താൽ പ്രവർത്തനരഹിതമായിരുന്നു.
പുതുതായി സ്റ്റേഷനിൽ ചാർജെടുത്ത എസ്.എച്ച്.ഒ. കെ.വി.ഉമേഷ് ഇവ പ്രവർത്തനസജ്ജമാക്കാൻ ജനകീയകമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ച് ചേർത്തിരുന്നു.യോഗ തീരുമാനപ്രകാരം കണ്ണവം ടൗണിൽ സ്ഥാപിച്ചിരുന്ന പഴയ ക്യാമറകൾ പരിശോധിച്ച് അപാകം പരിഹരിക്കുന്ന പ്രവർത്തനത്തിന് കണ്ണവം ടൗണിൽ ഞായറാഴ്ച തുടക്കം കുറിച്ചു. കണ്ണവം പോലീസ് ഇൻസ്പെക്ടർ കെ.വി.ഉമേഷ്, എസ്.ഐ. ലതീഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, മുൻ ക്യാമറ കമ്മിറ്റി അംഗങ്ങളായ പാലക്കണ്ടി വിജയൻ, എ.ടി.അലി ഹാജി, വ്യാപാരി വ്യവസായി പ്രതിനിധികളായ അഷ്റഫ്, ദിനേശൻ, കേബിൾ ഓപ്പറേറ്റർ ജഗദീഷ്, ക്യാമറ ടെക്നിഷ്യൻ സതീശൻ, ഓട്ടോ, ടാക്സിഡ്രൈവർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു. പുതിയ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും മുൻപ് സ്റ്റേഷൻ പരിധിയിലെ ടൗണുകളായ കണ്ണവം, കോളയാട്, ചെറുവാഞ്ചേരി, ചിറ്റാരിപ്പറമ്പ് എന്നീ സ്ഥലങ്ങളിലെയും പ്രധാന റോഡുകളിലെയും മുഴുവൻ ക്യാമറകളും പ്രവർത്തന സജ്ജമാകാനാണ് കമ്മറ്റിയുടെ തീരുമാനം.