‘ടീച്ചറെ.. ഞങ്ങൾ എൽ.എസ്.എസ്. നേടിയാൽ എന്ത് തരും?’; കുട്ടികൾക്ക് കൊടുത്ത വാക്കുപാലിച്ച് സാജിത ടീച്ചർ

Share our post

കോഴിക്കോട്: എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടിയതിനു പിന്നാലെ ചെറുവണ്ണൂ‍ർ ​ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാർഥികളായ ആഷ്മി കേശവിനും പാർത്ഥിവിനും ആദിഷിനും സ്വാതികിനും സന്തോഷവും പ്രചോദനവും നൽകി ഒരു സമ്മാനം കൂടി ലഭിച്ചു. സൈക്കിൾ… അത് അവർക്ക് സമ്മാനിച്ചതോ.. അവരുടെ സ്കൂളിലെ പ്രധാന അധ്യാപിക സാജിതയും. പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ കുട്ടികൾക്ക് കൊടുത്ത വാക്ക് സാജിത ടീച്ചർ പാലിച്ചപ്പോൾ വിദ്യാർഥികൾക്ക് അത് വലിയൊരു പ്രചോദനമായി മാറുകയായിരുന്നു.

നാലാം ക്ലാസിൽ എൽ.എസ്.എസ്. പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന എല്ലാ വിദ്യാർഥികൾക്കും വൈകുന്നേരം സ്കൂളിൽ കോച്ചിങ് നൽകിയിരുന്നു. എല്ലാവരും നന്നായി പഠിച്ച് സ്കോളർഷിപ്പ് നേടണമെന്ന് പറഞ്ഞ സാജിത ടീച്ചറോട് കുട്ടികൾ തിരിച്ചു ചോദിച്ചു, ടീച്ചറെ ഞങ്ങൾ എൽഎസ്എസ് നേടിയാൽ ഞങ്ങൾക്ക് എന്ത് തരും? കുട്ടികളുടെ ചോദ്യത്തിന് നിങ്ങൾക്ക് എന്ത് വേണമെന്ന മറുചോദ്യത്തിന് കുട്ടികൾ അവരുടെ ആ​ഗ്രഹം പറഞ്ഞു. ‘സൈക്കിൾ… വേണം…’

അന്ന് കുട്ടികൾക്ക് നൽകിയ വാക്ക് സാജിത ടീച്ചർ മറന്നില്ല. സ്വന്തം കയ്യിൽനിന്ന് പണംമുടക്കി എൽഎസ്എസ് കിട്ടിയ നാല് കുട്ടികൾക്കും സൈക്കിൾ വാങ്ങി നൽകി. സ്കൂളിൽ നടന്ന അനുമോദന പരിപാടിയിലാണ് കുട്ടികൾക്ക് സൈക്കിൾ നൽകിയത്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഇതൊരു പ്രചോദനം ആവട്ടെയെന്നാണ് സാജിത ടീച്ചർ പറയുന്നത്.

സൈക്കിൾ കിട്ടിയപ്പോൾ കുട്ടികളും ഹാപ്പി. ഇനിയും നന്നായി പഠിക്കണം, ടീച്ചറുടെ സമ്മാനം ഞങ്ങൾക്ക് പ്രചോദനമായി. എൽഎസ്എസ് നേടിയെടുത്തപോലെ നന്നായി പരിശീലിച്ച് യു.എസ്.എസും നേടിയെടുക്കുമെന്നും ഈ മിടുക്കർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!