വിന്‍ഡോസ് പിസിയിൽ ആന്‍ഡ്രോയിഡ് ഫോണിലെ ഫയലുകള്‍ വയർലെസ് ആയി എടുക്കാം- പുതിയ ഫീച്ചര്‍

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളിലേക്ക് ഫയലുകള്‍ കൈമാറുന്നത് കൂടുതല്‍ ലളിതമാക്കി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് ഫയല്‍ എക്‌സ്‌പ്ലോററില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണിലെ ഫയലുകള്‍ കാണാനാവുന്ന പുതിയ ഫീച്ചറാണ് അവതരിപ്പിച്ചത്. നിലവില്‍ വിന്‍ഡോസ് ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവഴി ആന്‍ഡ്രോയിഡ് ഫോണിലെ ഫയലുകള്‍ വിന്‍ഡോസ് കംപ്യൂട്ടര്‍ ഉപയോഗിച്ച് വയര്‍ലെസ് ആയി കൈകാര്യം ചെയ്യാനാവും.
ആന്‍ഡ്രോയിഡ് ഫോണിലെ ഫയലുകള്‍ തുറക്കാനും കോപ്പി ചെയ്യാനും പേര് മാറ്റാനും മറ്റൊരിടത്തേക്ക് മൂവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമെല്ലാം ഈ ഫീച്ചര്‍ വഴി സാധിക്കും. നേരത്തെ ഇങ്ങനെ ചെയ്യണമെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിനെ ഒരു ഡാറ്റാ കേബിള്‍ വഴി പിസിയുമായി ബന്ധിപ്പിക്കണമായിരുന്നു. ലിങ്ക് റ്റു വിന്‍ഡോസ് ആപ്പിനേക്കാള്‍ ലളിതമാണ് പുതിയ സൗകര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്‍ഡ്രോയിഡ് 11 ലും അതിന് ശേഷം വന്ന ഒഎസ് പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഈ സൗകര്യം പ്രവര്‍ത്തിക്കും. എന്നാല്‍ വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത വിന്‍ഡോസ് 11 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന പിസി ആയിരിക്കണം. വിന്‍ഡോസിന്റെ നിര്‍മാണത്തിലിരിക്കുന്ന ഫീച്ചറുകളുടെ പരീക്ഷണത്തിനായുള്ള കൂട്ടായ്മയാണ് വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാം. ഇപ്പോഴും നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഫീച്ചര്‍ ആണിത്. അതിനാല്‍ പലവിധ പ്രശ്‌നങ്ങളും ഈ സംവിധാനത്തില്‍ ഇപ്പോള്‍ അനുഭവപ്പെട്ടേക്കാം.