തുടങ്ങി ജലവിസ്മയം; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം

കോടഞ്ചേരി: പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍ ആരംഭിച്ചു. കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ഉദ്ഘാടനംചെയ്തു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ അധ്യക്ഷയായി. നടന്‍ ബിനു പപ്പന്‍ മുഖ്യാതിഥിയായിരുന്നു. പുരുഷ, വനിതാ വിഭാഗങ്ങളില്‍ ‘കയാക്ക് ക്രോസ്’ മത്സരങ്ങളാണ് വെള്ളിയാഴ്ച നടത്തിയത്. മത്സരം ചാലിപ്പുഴയില്‍ ശനിയാഴ്ചയും തുടരും. ഞായറാഴ്ചത്തെ ‘ഡൗണ്‍ റിവര്‍’ മത്സരങ്ങള്‍ ഇരുവഞ്ഞിപ്പുഴയിലാണ് നടത്തുന്നത്. എട്ടുരാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കന്മാര്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളാണ് ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുല്ലൂരാംപാറയ്ക്കടുത്ത് ഇലന്തുകടവിലാണ് ഫെസ്റ്റിവലിന്റെ സമാപനം.
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്് അലക്‌സ് തോമസ്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്് ആദര്‍ശ് ജോസഫ്, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് ദിവ്യാ ഷിബു, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു ജോണ്‍സണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ന്യൂസീലന്‍ഡും നോര്‍വേയും ജേതാക്കള്‍
‘കയാക്ക് ക്രോസ് പ്രോ’ ഇനത്തില്‍ (പുരുഷ വിഭാഗം) ന്യൂസീലാന്‍ഡിന്റെ മനു ഒന്നാംസ്ഥാനവും നോര്‍വേയുടെ എറിക് ഹാന്‍സന്‍ രണ്ടാം സ്ഥാനവും നേടി. ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ജാക്കോബിനാണ് മൂന്നാം സ്ഥാനം.