കേരളത്തില്‍ നിന്ന് രണ്ട് പൂവീച്ചകളെ കണ്ടെത്തി; ഇവയെ സംസ്ഥാനത്ത് കണ്ടെത്തുന്നത് ഇതാദ്യം

കേരളത്തില്‍ നിന്ന് രണ്ട് പൂവീച്ചകളെ ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകര്‍ കണ്ടെത്തി. മെസെംബ്രിയസ് ബെംഗാലെന്‍സിസ്, മെസെംബ്രിയസ് ക്വാഡ്രിവിറ്റാറ്റസ് എന്നീ പൂവീച്ചകളെയാണ് കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഇവയെ കണ്ടെത്തുന്നത്. ക്രൈസ്റ്റ് കോളേജിലെ എസ്.ഇ.ആര്‍.എല്ലിലെ ഗവേഷകന്‍ സി. അതുല്‍ശങ്കര്‍, ലാബ് ഡയറക്ടറും സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിലെ സുവോളജിവിഭാഗം മേധാവി ഡോ. ഇ.എം. ഷാജി എന്നിവര്‍ ചേര്‍ന്നാണ് പൂവീച്ചകളെ കണ്ടെത്തിയത്. ഇതാദ്യമായാണ് മെസെംബ്രിയസ് ജീവിവര്‍ഗത്തില്‍ വരുന്ന പൂവീച്ചകളെ കേരളത്തില്‍ നിന്ന് കണ്ടെത്തുന്നത്.
ഈച്ചകളും കൊതുകുകളും ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഡിപ്‌റ്റെറയിലെ (Diptera), സിര്‍ഫിഡേ (Syrphidae) കുടുംബത്തില്‍പ്പെട്ടവയാണിവ. തേനീച്ചകളെയും പല കടന്നലുകളെയുംപോലെ പൂക്കളിലെ പതിവ് സന്ദര്‍ശകര്‍ ആയതിനാലാണ് ഇവയെ പൂവീച്ച (flower flies) എന്ന് വിളിക്കുന്നത്. ശത്രുക്കളില്‍നിന്ന് രക്ഷനേടാന്‍ തേനീച്ചകളെയോ കടന്നലുകളെയോ പോലെ അനുരൂപം നേടിയിട്ടുള്ള ഇവ നിരുപദ്രവകാരികളും സസ്യങ്ങളുടെ പരാഗണത്തില്‍ വലിയ പങ്കുവഹിക്കുന്നവരുമാണ്. അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് എന്റമോളജിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ എന്റോമോണിലെ (ENTOMON) ജൂലായ് ലക്കത്തിലാണ് ചിത്രങ്ങള്‍ സഹിതം പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂവീച്ചകളുടെ ജൈവവൈവിധ്യവും വ്യാപനവും പൊതുജനപങ്കാളിത്തത്തോടെ മനസ്സിലാക്കാന്‍ ഈ ഗവേഷണപഠനം സഹായകമാകുമെന്ന് ഗവേഷകന്‍ സി. അതുല്‍ശങ്കര്‍ പറഞ്ഞു.