കണ്ണൂർ കോർപ്പറേഷൻ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കണ്ണൂർ : അതിരൂക്ഷമായ മഴയിലും വെള്ളക്കെട്ടിലും പെട്ട് കോർപ്പറേഷൻ പരിധിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ആളുകളെയും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ സന്ദർശിച്ചു. വെള്ളക്കെട്ടിൽ അകപ്പെട്ട് പോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു വരുന്നതായും കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യക ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായും മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു.
കോർപ്പറേഷൻ പരിധിയിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ആളുകളെയും കോർപ്പറേഷൻ മേയർ സന്ദർശിച്ചു. കോർപ്പറേഷൻ എളയാവൂർ സോണലിലെ കിഴുത്തള്ളിയിലെ വെള്ളത്തിൽ ഒറ്റപ്പെട്ടു പോയ ആറ് കുടുംബങ്ങളെ എളയാവൂർ വെൽനെസ് സെൻററിലേക്ക് മാറ്റി. വെത്തിലപ്പള്ളി ഡിവിഷനിൽ വെള്ളത്തിൽ കുടുങ്ങിയ ആറ് വീട്ടുകാരെ ഫയർ ഫോഴ്സിൻ്റെ സഹായത്തോടെ ഉരുവച്ചാൽ ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. ഉരുവച്ചാൽ പള്ളിയാം മൂല, ചെക്കിച്ചിറ എന്നിവിടങ്ങളിലും ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
സ്ഥിരം സമിതി അദ്ധ്യക്ഷൻ സിയാദ് തങ്ങൾ, കൗൺസിലർമാരായ ആസിമ, സജേഷ് കുമാർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു. അത്താഴക്കുന്ന്, നടാൽ, തിലാനൂർ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ ഡെപ്യൂട്ടി മേയർ അഡ്വ: പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ബി. രാജേഷ്, വി.കെ. ശ്രീലത, എന്നിവർ സന്ദർശിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോർപ്പറേഷനിൽ ഹെൽപ്പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.