പുതിയ നീക്കവുമായി കെ.എസ്‍.ഇ.ബി, ഓഫീസുകളിൽ സി.സി.ടി.വി സ്ഥാപിക്കും

Share our post

തിരുവനന്തപുരം: കെ.എസ്‍.ഇ.ബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സി.സി.ടി.വി സ്ഥാപിക്കാനുള്ള തീരുമാനവുമായി മാനേജ്മെന്‍റ്. സംസ്ഥാനത്തെ എല്ലാ കെ.എസ്‍.ഇ.ബി ഓഫീസുകളിലും അത്യാധുനിക സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പൊതുജന സമ്പര്‍ക്കം നടക്കുന്ന എല്ലാ ഓഫീസുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക. ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരും.

വൈദ്യുതി ബില്ലുമായും വൈദ്യുതി വിതരണത്തിലെ തടസവുമായി ബന്ധപ്പെട്ടും ജീവനക്കാരുമായി പൊതുജനങ്ങള്‍ വാക്കേറ്റത്തിനും അത് ആക്രമണത്തിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ കെ.എസ്‍.ഇ.ബിയുടെ ശ്രമം. കോഴിക്കോട് തിരുവമ്പാടി കെ.എസ്‍.ഇ.ബി സെക്ഷൻ ഓഫീസിലെ ആക്രമണത്തിന് പിന്നാലെയാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് കെ.എസ്‍.ഇ.ബി എത്തിയത്. ക്യാഷ് കൗണ്ടര്‍, ജീവനക്കാരുടെ ഇരിപ്പിടങ്ങള്‍ എന്നിവ ക്യാമറ പരിധിയില്‍ വരും.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കെഎസ്ഇബി ജീവനക്കാര്‍ക്കും ഓഫിസുകള്‍ക്കും നേരെയുണ്ടായ അക്രമങ്ങളുടെ കണക്ക് കെ.എസ്‍.ഇ.ബി ശേഖരിച്ചുവരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!