വാട്സാപ്പ്, സിഗ്നല്‍, സൂം, ഗൂഗിള്‍ മീറ്റ് പോലുള്ള വീഡിയോ/വോയ്‌സ് കോള്‍, വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ജിയോ. അതീവ സ്വകാര്യത ഉറപ്പുനല്‍കിക്കൊണ്ട് പുതിയ ജിയോ സേഫ് സേവനം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ജിയോയുടെ 5ജി ക്വാണ്ടം-സെക്വര്‍ നെറ്റ് വര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ കമ്മ്യൂണിക്കേന്‍ സേവനമാണ് ജിയോ സേഫ്. ആന്‍ഡ്രോയിഡിലും, ഐ.ഒ.എസിലും ഈ ആപ്പ് ലഭ്യമാണ്. വെബ്ബ് വേര്‍ഷന്‍ ലഭ്യമല്ല.
എന്റ് ടു എന്റ് ട്രൂ സെക്വര്‍ എന്ന പേരില്‍ എന്‍ക്രിപ്റ്റഡ് വീഡിയോ കോളിങ് സൗകര്യമാണ് ജിയോ സേഫ് വാഗ്ദാനം ചെയ്യുന്നത്. 5ജി ഫോണുകള്‍ ഉപയോഗിക്കുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ആപ്പ് ഉപയോഗിക്കാനാവൂ. പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും ആവശ്യമാണ്.
5ജി ലെവല്‍ സുരക്ഷ ജിയോ സേഫ് ഉപയോഗിച്ചുള്ള ആശയവിനിമയങ്ങള്‍ക്കുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കോണ്‍ടാക്റ്റിലുള്ളവരുമായുള്ള ആശയവിനിമയങ്ങള്‍ മറ്റൊരാള്‍ക്കും ലഭിക്കില്ലെന്നും കമ്പനി പറയുന്നു. ക്വാണ്ടം കംപ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ഹാക്കിങ് ഭീഷണികള്‍ പോലും തടയാനുള്ള ക്വാണ്ടം-റെസിസ്റ്റന്‍സ് അല്‍ഗൊരിതം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.
അതേസമയം സുരക്ഷിതമായ കോണ്‍ടാക്റ്റുകള്‍ക്ക് പ്രത്യേകം സെക്വര്‍ ഷീല്‍ഡ് ഐക്കണ്‍ നല്‍കും. ഇതുവഴി ഉപഭോക്താക്കള്‍ ആ കോണ്‍ടാക്ട് സുരക്ഷിതമായ ആശയവിനിമയത്തിന് അനുയോജ്യമാണോ എന്ന് മുന്‍കൂട്ടി അറിയാനാവും. വീഡിയോ കോണ്‍ഫറന്‍സിങും സാധ്യമാണ്. അഞ്ച് പേര്‍ക്കാണ് ജിയോസേഫ് സെക്വര്‍ റൂം വഴി ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനാവുക.
വാട്‌സാപ്പിന് ഭീഷണിയാവുമോ
വാട്‌സാപ്പിനും സിഗ്നല്‍ പോലുള്ള മറ്റ് സേവനങ്ങളുടേയും പ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമാണ് ജിയോ സേഫ്. ഇത് അടിസ്ഥാനപരമായി ജിയോ ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാവുന്നതും ജിയോയുടെ 5ജി അധിഷ്ടിത നെറ്റ് വര്‍ക്കില്‍ മാത്രം പ്രവര്‍ത്തിക്കുന്നതുമായ സേവനമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്ലെങ്കില്‍ ആപ്പ് പ്രവര്‍ത്തിക്കില്ല. അതായത് 4ജി നെറ്റ് വര്‍ക്ക് ആണെങ്കില്‍ ജിയോസേഫ് ആപ്പില്‍ ലോഗിന്‍ ചെയ്യാനാവില്ല.
അതുകൊണ്ടു തന്നെ ജിയോസേഫ് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന സേവനമായിരിക്കും. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാനാവില്ല. 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാനാവുന്ന ഡാറ്റാ പ്ലാനും തടസമില്ലാത്ത 5ജി നെറ്റ് വര്‍ക്കും ഇതിന് ആവശ്യമായി വരും. ഒപ്പം ആപ്പ് ഉപയോഗിക്കാന്‍ പ്രതിമാസ തുക നല്‍കുകയും വേണം.
നിലവില്‍ ഒരു വര്‍ഷത്തോളം ജിയോ 5ജി നെറ്റ് വര്‍ക്കില്‍ സൗജന്യമായി ജിയോ സേഫ് ആപ്പ് ഉപയോഗിക്കാം. അടുത്ത വര്‍ഷം മുതല്‍ പ്രതിമാസ നിരക്ക് ഈടാക്കിത്തുടങ്ങും.