കണ്ണൂർ-കോഴിക്കോട് ബസ് തൊഴിലാളി പണിമുടക്ക് പിൻവലിച്ചു

വടകര : മൂന്നുദിവസമായി കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസ് തൊഴിലാളികൾ വാട്സാപ്പിലൂടെ ആഹ്വാനംചെയ്ത പണിമുടക്ക് ഒത്തുതീർപ്പായി. കെ.കെ. രമ എം.എൽ.എ. തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് അവസാനിപ്പിച്ചത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളേജ് സ്റ്റോപ്പിൽനിന്ന് അശാസ്ത്രീയമായി സീബ്രാലൈൻ മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യൂണിയനുകളുടെയോ ബസുടമകളുടെയോ പിന്തുണയില്ലാതെ നടത്തിയ സമരം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബുധനാഴ്ച പോലീസ് സംരക്ഷണത്തിൽ സർവീസ് നടത്താൻ ഉടമകളും തൊഴിലാളിസംഘടനകളും തീരുമാനിച്ചു. ഇതുപ്രകാരം ബുധനാഴ്ച രാവിലെ ഒരുബസ് വടകര-കോഴിക്കോട് റൂട്ടിൽ ഓടി. ഇതിനുപിന്നാലെയാണ് സമരത്തിൽ എം.എൽ.എ.യുടെ ഇടപെടലുണ്ടായത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ വെള്ളക്കെട്ടും കുഴികളുമാണ്. ഇത് പരിഹരിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ ദേശീയപാതാ അതോറിറ്റി റീജണൽ ഓഫീസറുമായി എം.എൽ.എ. നടത്തിയ ചർച്ചയിൽ പാതയിലെ വലിയകുഴികൾ രണ്ടുദിവസത്തിനകം അടയ്ക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. വടകര പെരുവാട്ടുംതാഴ ജങ്‌ഷനിൽ പഴയ സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് യു ടേൺ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗതത്തടസ്സം ഒഴിവാക്കാൻ പാലത്തിനടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികൾ പരിശോധിച്ച് സ്വീകരിക്കും.