കേരളത്തിൽ സർക്കാർ, സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി (എം.ഡി.എസ്.) പ്രോഗ്രാമിലേക്ക്, പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2024-25 പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ www.cee.kerala.gov.in -ൽ ആരംഭിച്ചു. മൂന്ന് സർക്കാർ (കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം), 17 സ്വകാര്യ സ്വാശ്രയ, ഡെന്റൽ കോളേജുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.
ഫീസ്
സർക്കാർ കോളേജിലെ പ്രതിവർഷ ട്യൂഷൻ ഫീസ് 52,100 രൂപയാണ്. സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ 85 ശതമാനം സീറ്റിൽ 8,50,000 രൂപയും 15 ശതമാനം സീറ്റിൽ (എൻ.ആർ.ഐ.) 15,00,000 രൂപയുമാണ് വാർഷിക ട്യൂഷൻ ഫീസ്. ഈ ഫീസുകൾ താത്‌കാലികമാണ്. സർക്കാർ/അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി നിർദേശങ്ങൾ/തീരുമാനങ്ങൾക്കു വിധേയമാണിവ. കോളേജുകളുടെ പൂർണപട്ടിക www.cee.kerala.gov.in-ലെ വിജ്ഞാപനത്തിൽ ലഭ്യമാണ്.
ഓപ്ഷൻ രജിസ്‌ട്രേഷൻ
അലോട്‌മെന്റ് പ്രക്രിയയിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ വെബ്‌സൈറ്റിൽ ‘പി.ജി. ഡെന്റൽ 2024-കാൻഡിഡേറ്റ് പോർട്ട’ലിൽ അപേക്ഷാ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി അവരുടെ ഹോംപേജിൽ ലോഗിൻ ചെയ്യണം. അവിടെ ‘ഓപ്ഷൻ രജിസ്‌ട്രേഷൻ’ എന്ന ലിങ്ക് ക്ലിക്കുചെയ്ത്, ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം. രജിസ്‌ട്രേഷന് ലഭ്യമായ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ പട്ടിക, ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിൽ കാണാൻകഴിയും. അവയിൽനിന്നു താത്‌പര്യമുള്ള കോളേജുകൾ (ഓപ്ഷനുകൾ) തിരഞ്ഞെടുത്ത് അവയ്ക്ക് മുൻഗണന നിശ്ചയിച്ച് 1, 2, 3…. എന്ന ക്രമത്തിൽ രജിസ്റ്റർചെയ്യണം (ഏറ്റവും ആദ്യം പരിഗണിക്കപ്പെടേണ്ടതാണ് ഒന്നാം ഓപ്ഷൻ. അത് ലഭിച്ചില്ലെങ്കിൽ പരിഗണിക്കപ്പെടേണ്ടത് രണ്ടാം ഓപ്ഷൻ എന്നിങ്ങനെ). ഓപ്ഷനുകൾ രജിസ്റ്റർചെയ്യാൻ ജൂലായ് 19-ന് വൈകീട്ട് അഞ്ചുവരെ അവസരമുണ്ടാകും.
സെക്യൂരിറ്റി ഡിപ്പോസിറ്റ്
ഓപ്ഷൻ രജിസ്‌ട്രേഷൻ വേളയിൽ, സെക്യൂരിറ്റി ഡിപ്പോസിറ്റായി 10,000 രൂപ അടയ്ക്കണം. പട്ടിക/ഒ.ഇ.സി./ഫീസ് സൗജന്യത്തിന് അർഹത ഉള്ളവർ എന്നിവർ 5000 രൂപയാണ് അടയ്ക്കേണ്ടത്. തുക അടച്ചുകഴിഞ്ഞാൽ അതിൽ മാറ്റംവരുത്താൻ കഴിയില്ല. പ്രക്രിയ പൂർത്തിയാകുംവരെ, അലോട്‌മെന്റ് ഒന്നും ലഭിക്കാത്തവർക്ക്, ഈ തുക തിരികെലഭിക്കും.
അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ അവരുടെ ട്യൂഷൻ ഫീസിൽ, സെക്യൂരിറ്റി തുക വകവെക്കും. അലോട്‌മെന്റ് ലഭിച്ചശേഷം സമയപരിധിക്കകം പ്രവേശനം നേടാത്തവർ; പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടെന്നു വെക്കുന്നവർ എന്നിവരുടെ സെക്യൂരിറ്റി തുക പിഴയായി പരിഗണിക്കുന്നതും തിരികെ നൽകുന്നതുമല്ല.
ഓപ്ഷൻ രജിസ്റ്റർചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾ മാത്രം രജിസ്റ്റർചെയ്യുക.
* സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മൈനോറിറ്റി/എൻ.ആർ.ഐ. സീറ്റിന് അർഹതയുള്ളവർ അവയിലേക്കുള്ള ഓപ്ഷനുകളും ഇപ്പോൾ രജിസ്റ്റർചെയ്യണം.
* ആദ്യ റൗണ്ടിൽ ഉണ്ടായിരുന്ന ഓപ്ഷനുകൾ രണ്ടാം റൗണ്ടിൽ, ഓപ്ഷൻ പട്ടികയിൽ ചേർക്കാൻപറ്റില്ല. രണ്ടാംറൗണ്ടിലേക്കു പരിഗണിക്കപ്പെടാനുള്ള ഓപ്ഷൻ കൺഫർമേഷൻ (ഇത് നിർബന്ധമാണ്) നടത്താനും അവശേഷിക്കുന്ന ഓപ്ഷനുകളുടെ ഒഴിവാക്കൽ, പുനഃക്രമീകരണം എന്നിവ നടത്തുന്നതിനും അപ്പോൾ സൗകര്യം ലഭിക്കും.
* ആദ്യ റൗണ്ടിൽ ഇല്ലാതിരുന്ന ഓപ്ഷനുകൾ രണ്ടാം റൗണ്ടിൽ പുതുതായിവരുന്ന പക്ഷം, അവ പട്ടികയിൽ താത്‌പര്യമുള്ളിടത്ത് കൂട്ടിച്ചേർക്കാൻ കഴിയും.
* ആദ്യ റൗണ്ടിൽ സീറ്റ് അലോട്ട് ചെയ്യപ്പെടുകയും അതിൽ പ്രവേശനം നേടുകയും ചെയ്യുന്നവരുടെ ഹയർ ഓപ്ഷനുകൾ (ലഭിച്ച ഓപ്ഷനെക്കാൾ ഉയർന്ന മുൻഗണന ഉള്ളവ) നിലനിർത്തും. അലോട്ടുചെയ്യപ്പെട്ടതിന്റെ താഴെയുള്ളവ റദ്ദാക്കപ്പെടും. അതിനാൽ രണ്ടാം റൗണ്ടിൽ അപ്ഗ്രഡേഷൻ സൗകര്യമേ ഉണ്ടാവൂ. അപ്ഗ്രഡേഷൻ ലഭിക്കാത്തപക്ഷം പ്രവേശനം നേടിയ സീറ്റുനില നിർത്താം.
* ആദ്യ രണ്ടു റൗണ്ട് കൗൺസലിങ്ങിനുശേഷം മൂന്നാം/അന്തിമ റൗണ്ട് കൗൺസലിങ് നടത്തും. ഈ ഘട്ടത്തിലേക്ക്, പുതിയ ഓപ്ഷൻ രജിസ്‌ട്രേഷൻ ഉണ്ടാകും. ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തുന്ന എല്ലാവരും പുതിയ രജിസ്‌ട്രേഷൻ ഫീ അടയ്ക്കേണ്ടിവരും.
* അന്തിമറൗണ്ടിനുശേഷവും സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽ, അവ സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്‌മെന്റ് വഴി ഓൺലൈൻ/ഓഫ്‌ലൈൻ രീതിയിൽ (അപ്പോൾ തീരുമാനിക്കും) നടത്തും.
* സർവീസ് ക്വാട്ടയിലേക്കുള്ള അലോട്‌മെന്റ് ഇപ്പോൾ നടത്തില്ല. തുടർറൗണ്ടിൽ നടത്തും. എന്നാൽ, ഓപ്പൺ/ജനറൽ ക്വാട്ടയിലെക്കും അപേക്ഷിച്ച സർവീസ് ക്വാട്ട വിഭാഗക്കാർ, അതിലേക്കു പരിഗണിക്കപ്പെടാൻ ഇപ്പോൾ ഒപ്ഷൻ നൽകണം.
അഖിലേന്ത്യാ നിയന്ത്രണ സമിതികളുടെ അംഗീകാരം, സർവകലാശാലാ അഫിലിയേഷൻ തുടങ്ങിയവയ്ക്കു വിധേയമായിരിക്കും അലോട്‌മെന്റുകൾ.
പ്രൊഫൈൽ പരിശോധന
എം.ഡി.എസ്. പ്രവേശനത്തിനു നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താനും ന്യൂനതകൾ പരിഹരിക്കാനും ശരിയായ രേഖകൾ അപ്‌ലോഡ് ചെയ്യാനുമുള്ള സമയപരിധി ജൂലായ് 18-ന് വൈകീട്ട് മൂന്നുവരെ നീട്ടിയിട്ടുണ്ട്.
സമയപരിധിക്കകം സാധുവായ രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ നേറ്റിവിറ്റി/കമ്യൂണിറ്റി/കാറ്റഗറി (മൈനോറിറ്റി/എൻ.ആർ.ഐ./ഇൻ സർവീസ് ക്വാട്ട ഉൾപ്പെടെ) അവകാശവാദങ്ങൾ പരിഗണിക്കില്ല. അലോട്‌മെന്റുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകൾക്കായി www.cee.kerala.gov.in കാണണം.