മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്

കോട്ടയം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമയായിട്ട് വ്യാഴാഴ്‌ച ഒരുവർഷം. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി അങ്കണത്തിൽ അനുസ്‌മരണ പരിപാടി നടക്കും. പകൽ 11ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് നാലിന് മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്‌ഘാടനംചെയ്യും.
സംസ്ഥാനരാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം ഭരണ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന നേതാവ്. ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട കൂഞ്ഞൂഞ്ഞ്. ഒ.സി. ഉമ്മൻചാണ്ടിയെന്നാൽ സുഹൃത്തുക്കളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഒരു വികാരമാണ്. എതിരാളികൾക്ക് പോലും അനിഷേധ്യനായ നേതാവ്. അരനൂറ്റാണ്ടിലേറെക്കാലം നിയമസഭാംഗം. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തെരഞ്ഞെടുപ്പുകൾ ജയിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വ്യക്തിത്വം.
1970-ൽ 27-ാം വയസ്സില്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനായിരിക്കെ ആദ്യമായി പുതുപ്പള്ളിയില്‍ മത്സരിച്ചു. ഹാട്രിക് വിജയത്തിനായി മത്സരിച്ച സിറ്റിങ് എം.എല്‍.എ ഇ.എം ജോര്‍ജായിരുന്നു എതിർ സ്ഥാനാർത്ഥി. ഫലം വന്നപ്പോള്‍ 7,288 വോട്ടിന്റെ അട്ടിമറിജയം. പുതുപ്പള്ളിയുടെ ആകാശത്ത് ഉമ്മന്‍ ചാണ്ടി എന്ന താരം ഉദിച്ചുയരുകയായിരുന്നു.
തുടര്‍ച്ചയായി 12 തവണയാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് ജയിച്ചു കയറിയത്.
പി.സി ചെറിയാന്‍, എംആര്‍ജി പണിക്കര്‍, തോമസ് രാജന്‍, വിഎന്‍ വാസവന്‍, റെജി സഖറിയ, ചെറിയാന്‍ ഫിലിപ്പ്. സിന്ധു ജോയ്, സുജ സൂസന്‍ ജോര്‍ജ് . ഏറ്റവും ഒടുവിൽ ജെയ്ക്ക് സി.തോമസ്. എല്ലാവരും ഉമ്മൻചാണ്ടിയോട് മത്സരിച്ച് പരാജയത്തിന്‍റെ രുചിയറിഞ്ഞവരാണ്.
തേടിയെത്തിയവരെയെല്ലാം ചേര്‍ത്തുപിടിച്ച നേതാവ്, ഈ പ്രതിച്ഛായയാണ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത.1977-ൽ തൊഴില്‍ വകുപ്പ് മന്ത്രി, 1981-ല്‍ ആഭ്യന്തരമന്ത്രി, 1991-ല്‍ ധനമന്ത്രി, 2004-ലും 2011ലുമായി രണ്ടു തവണ മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അധികാരത്തിന്റെ ജനകീയവല്‍ക്കരണം നമ്മൾ കണ്ടു. വിവാദങ്ങളും എതിർശബ്ദങ്ങളും ഉയർന്നപ്പോഴും തളരാതെയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. അടിമുടി കോണ്‍ഗ്രസുകാരൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം.
തൊണ്ടയ്‌ക്ക് അർബുദം ബാധിച്ച് ഏഴുവർഷത്തെ ചികിത്സക്ക് ശേഷം 2023 ജൂലൈ 18-നായിരുന്നു അന്ത്യം. പുതുപ്പള്ളി സെയ്ന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതി കുടീരത്തിലേക്ക് ജനപ്രവാഹമാണ്. ഒരു രാഷ്ട്രീയ നേതാവ് മരണശേഷം ആരാധക മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന അപൂർവ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.