തിരുവനന്തപുരം:മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴില്‍ തിരുവനന്തപുരം, കണ്ണൂര്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ നടത്തുന്ന 12 മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.
മേഖലകള്‍, സീറ്റുകള്‍
കാര്‍ഡിയോ തൊറാസിക് നഴ്‌സിങ്, ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിങ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്‌സിങ്, നിയോ നാറ്റല്‍ നഴ്‌സിങ്, നഴ്‌സ് പ്രാക്ടീഷണര്‍ ഇന്‍ മിഡ്വൈഫറി എന്നീ മേഖലകളിലായാണ് കോഴ്‌സുകള്‍. കാര്‍ഡിയോ തൊറാസിക് നഴ്‌സിങ് കണ്ണൂരും മറ്റുള്ളവ തിരുവനന്തപുരത്തുമാണ്. മൊത്തം സീറ്റ് 55. ഇതില്‍ 36 സീറ്റ് ജനറല്‍ വിഭാഗത്തിലും 19 സീറ്റ് സര്‍വീസ് ക്വാട്ട (ഡി.എം.ഇ., ഡി.എച്ച്.എസ്., ഐ.എം.എസ്.) വിഭാഗത്തിലുമാണ്. ഓരോ സ്ഥാപനത്തിലെയും ഓരോ സ്‌പെഷ്യാലിറ്റിയിലെയും സീറ്റ് ലഭ്യത, പ്രോസ്‌പെക്ടസില്‍ ലഭിക്കും.
സ്‌റ്റൈപ്പെന്‍ഡ് : തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. അപേക്ഷകര്‍ കേരള ഒറിജിന്‍ ഉള്ള ഭാരതീയരായിരിക്കണം. കേരളത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷമായി താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത : പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചിരിക്കണം. കൂടാതെ അംഗീകൃത സ്ഥാപനത്തില്‍നിന്ന് റെഗുലര്‍, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി/ബി.എസ്സി. നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്‌സിങ്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ (മാര്‍ക്ക് പൂര്‍ണസംഖ്യയിലേക്ക് ക്രമപ്പെടുത്താന്‍പാടില്ല) ജയിച്ചിരിക്കണം. കേരള സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍/മറ്റ് ഏതെങ്കിലും സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ജനറല്‍ മെറിറ്റ് വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 1.7.2024-ന് 45 വയസ്സാണ്. സര്‍വീസ് ക്വാട്ട വിഭാഗക്കാര്‍ക്ക് 49 വയസ്സും.
അപേക്ഷ : lbscentre.in/postbdip2024/ വഴി ജൂലായ് 20 വരെ നല്‍കാം. അപേക്ഷാ ഫീസ് 1000 രൂപ (പട്ടികവിഭാഗക്കാര്‍ക്ക് 500 രൂപ). ഈ സമയപരിധിക്കകം, തുക ഓണ്‍ലൈനായി അടയ്ക്കാം. വെബ്‌സൈറ്റില്‍നിന്ന് രൂപപ്പെടുത്താവുന്ന ചലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ പ്രിന്റ് ഔട്ട് എവിടേക്കും അയയ്‌ക്കേണ്ടതില്ല.
സര്‍വീസ് ക്വാട്ട : സര്‍വീസ് ക്വാട്ട അപേക്ഷകര്‍ ട്രഷറിയിലാണ് അപേക്ഷാഫീസ് അടയ്‌ക്കേണ്ടത്. ഇവരെ ഓപ്പണ്‍ ക്വാട്ടയിലും പരിഗണിക്കപ്പെടാന്‍, ട്രഷറിയില്‍ അടച്ച ഫീസ് കൂടാതെ ഓപ്പണ്‍ ക്വാട്ടയ്ക്ക് ബാധകമായ ഫീസ് കൂടി ബാങ്കില്‍ അടച്ച് അപേക്ഷിക്കണം. സര്‍വീസ് വിഭാഗക്കാര്‍, അപേക്ഷാ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകള്‍സഹിതം ‘ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, മെഡിക്കല്‍ കോളേജ് (പി.ഒ.), തിരുവനന്തപുരം 695011’ എന്ന വിലാസത്തില്‍ ജൂലായ് 20-നകം ലഭിക്കത്തക്കവിധം അയയ്ക്കണം.
പ്രവേശനപരീക്ഷ
പ്രവേശനത്തിന്റെ ഭാഗമായുള്ള 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ (സര്‍വീസ് വിഭാഗം അപേക്ഷകരും അഭിമുഖീകരിക്കണം), തിരുവനന്തപുരത്ത് നടത്തും. സമയം, തീയതി പിന്നീട് അറിയിക്കും. മൂന്നുമാര്‍ക്ക് വീതമുള്ള 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസില്‍. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാന്‍, പട്ടികവിഭാഗക്കാര്‍ 35-ഉം മറ്റുള്ളവരും സര്‍വീസ് വിഭാഗക്കാരം 40-ഉം ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയില്‍ നേടണം (യഥാക്രമം 105, 120 മാര്‍ക്ക്). ഫലപ്രഖ്യാപനത്തിനുശേഷം കേന്ദ്രീകൃത അലോട്‌മെന്റ് പ്രക്രിയ വഴി യോഗ്യത നേടുന്നവരില്‍നിന്ന് ഓപ്ഷന്‍ സ്വീകരിച്ച് പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ പരിഗണിച്ച് എല്‍.ബി.എസ്. സെന്റര്‍, സീറ്റ് അലോട്‌മെന്റ് നടത്തും. ഒരുവര്‍ഷത്തെ ട്യൂഷന്‍ ഫീസ് 11,580 രൂപയാണ്. മറ്റു ഫീസുകളുമുണ്ട്.