പ്രണയം നടിച്ച് പണം വാങ്ങി പീഡനം;17കാരി പ്രസവിച്ച സംഭവത്തിൽ മലയാളിയടക്കം അറസ്റ്റിൽ

പെരിന്തൽമണ്ണ (മലപ്പുറം): പതിനേഴുകാരിയായ അസം സ്വദേശി പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തിൽ അസം സ്വദേശിയും മലയാളി യുവാവും അറസ്റ്റിൽ. അസം സ്വദേശി ജാഹിദിൽ ഇസ്‌ലാം (24), പാലക്കാട് തച്ചനാട്ടുകര കൂരിക്കാടൻ മുഹമ്മദ് ഷഹനാസ് ഷിബിൻ (23) എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തത്. അസമിൽ നിന്ന് പ്രണയംനടിച്ച് വശീകരിച്ച് പെൺകുട്ടിയെ പെരിന്തൽമണ്ണയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ലൈംഗികമായി ചൂഷണംചെയ്ത് മറ്റുള്ളവരിൽനിന്ന് പണം വാങ്ങി പീഡനത്തിന് സൗകര്യം ചെയ്തുകൊടുത്തെന്ന കേസിലാണ് അറസ്റ്റ്. മാസങ്ങൾക്കുമുൻപ് കേരളത്തിൽ എത്തിച്ച പെൺകുട്ടിയെ വാടക ക്വാർട്ടേഴ്‌സുകളിൽ താമസിപ്പിച്ചായിരുന്നു പീഡനമെന്ന് പോലീസ് പറഞ്ഞു.
ഗർഭിണിയായ യുവതി പ്രസവത്തിനായി മഞ്ചേരി മെഡിക്കൽകോളേജ് ആസ്പത്രിയിലെത്തി. കഴിഞ്ഞദിവസം പ്രസവശേഷമുണ്ടായ സങ്കീർണതകളാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം ശ്രദ്ധയിൽപ്പെട്ട ആസ്പത്രി അധികൃതർ പോലീസിൽ അറിയിച്ചു. തുടർന്ന് പെരിന്തൽമണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പിടിയിലായവരെ കസ്റ്റഡിയിൽവാങ്ങി അന്വേഷണം ഊർജിതമാക്കുമെന്നും എസ്.ഐ. അറിയിച്ചു. പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. എ.എസ്.ഐ. അനിത, സീനിയർ സി.പി.ഒ.മാരായ ഷജീർ, സത്താർ, സി.പി.ഒ. സൽമാൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.