രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെന്‍ഷൻ

Share our post

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേർക്ക് സസ്പെൻഷൻ. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

സി.പി.ഐ തിരുമല ലോക്കല്‍ സെക്രട്ടറി തിരുമല രവിയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. ഇതിനിടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കില്‍ ലിഫ്റ്റിലാണ് കുടുങ്ങിയത്.

രവിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് രവി ലിഫ്റ്റില്‍ കുടുങ്ങിയത്. ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിക്കാന്‍ സാധിച്ചില്ല. കാണാതായപ്പോള്‍ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചതുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.തലനാരിഴയ്ക്കാണ് ജീവന്‍ തിരുച്ചുകിട്ടിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രവി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. താന്‍ പല തവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ലെന്ന് രവി പ്രതികരിച്ചു. വസ്ത്രത്തില്‍ മലമൂത്രവിസര്‍ജനം ചെയ്തു. മരിച്ചുപോകുമായിരുന്നു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും തിരുമല രവി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഇനി ആര്‍ക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്ന് രവിയുടെ മകനും പ്രതികരിച്ചു. പലതവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ല. തകരാറായ ലിഫ്റ്റിലേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. തന്റെ അച്ഛന് സംഭവിച്ചത് ഇനി ആര്‍ക്കും സംഭവിക്കരുതെന്നും മകന്‍ ഹരിശങ്കര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!