ചെവിക്ക് വെടിയേറ്റെന്ന് ട്രംപ്, സുരക്ഷിതൻ; അക്രമി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. വേദിയില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി.
ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നെങ്കിലും ഇത് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ക്കൊപ്പം അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിതനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.