വർഷം ഒന്ന്; വരുമാനം 35 ലക്ഷം: കെ.എസ്.ആർ.ടി.സി കൊറിയർ സർവീസിന് പ്രിയമേറി

കോഴിക്കോട്: പാഴ്‌സലുകൾ സുരക്ഷിതമായി അതിവേഗം ലക്ഷ്യത്തിലെത്തിക്കുന്ന കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് ജില്ലയിൽ ഒരുവർഷംകൊണ്ട് നേടിയത് 35 ലക്ഷം രൂപ. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിലെ ജില്ലയിലെ ഏക കേന്ദ്രത്തിൽ പ്രതിദിനം ശരാശരി 15,000 രൂപയിലേറെയാണ് വരുമാനം. കൊറിയർ വരുമാനത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആദ്യ അഞ്ചിലുണ്ട് കോഴിക്കോട്. സർവീസ് വൻ വിജയമായതോടെ താമരശേരിയിലും വടകരയിലുമെല്ലാം കൊറിയർ കൗണ്ടർ തുടങ്ങാൻ ഒരുങ്ങുകയാണ് അധികൃതർ. കോഴിക്കോട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസും അതിവേഗ സർവീസുമാണ് കെ.എസ്.ആർ.ടി.സി കൊറിയറിനെ ജനപ്രിയമാക്കുന്നത്.
സ്വകാര്യ കൊറിയറുമായി താരതമ്യം ചെയ്യുമ്പോൾ നിരക്കിൽ 30 ശതമാനംവരെ കുറവുമുണ്ട്. ബുക്ക് ചെയ്‌താൽ അടുത്ത ബസിൽ പാഴ്‌സൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂൺ 15നാണ് പദ്ധതി തുടങ്ങിയത്. സംസ്ഥാനത്തെ 45 ഡിപ്പോകളിലേക്കും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കുമാണ് പാഴ്‌സൽ അയക്കാനാവുക. എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണ് കോഴിക്കോട്ടുനിന്ന് കൂടുതൽ പാഴ്‌സലുകൾ. ഡിപ്പോയിൽ കൊറിയറിന് മാത്രമായി പ്രത്യേക ഫോൺനമ്പർ കൂടെയുണ്ടായാൽ നന്നാകുമെന്ന് ഗുണഭോക്താക്കൾ പറയുന്നു. സംസ്ഥാനത്താകെ വാതിൽപ്പടിസേവനവും ഉൾപ്രദേശങ്ങളിലുൾപ്പെടെ ഫ്രാഞ്ചൈസികളും വാൻ സർവീസുകളുമായി പദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി.
നിരക്കും ആകർഷകം
ഒന്നു മുതൽ 120 കിലോവരെ ഭാരമുള്ള സാധനങ്ങളാണ് അയക്കാനാവുക. 25 ഗ്രാമുള്ള കൊറിയർ 200 കിലോ മീറ്റർ പരിധിയിൽ അയക്കാൻ 36 രൂപയാണ് കുറഞ്ഞ നിരക്ക്. 500 ഗ്രാമിനും ഒരു കിലോഗ്രാമിനും ഇടയിലുള്ളവക്ക് 83 രൂപ. 200 കിലോ മീറ്ററിൽ 30 കിലോ വരെ പാഴ്‌സൽ അയക്കാൻ 130 രൂപ. ഭാരത്തിനനുസരിച്ച് 200 കിലോമീറ്റർ, 400 കിലോമീറ്റർ, 600 കിലോമീറ്റർ ദൂരത്തിൽ നിരക്കുകൾ മാറും.