റബ്ബർ ഇറക്കുമതിനീക്കവുമായി ടയർ കമ്പനികൾ; തോട്ടം ഉടമകളുടെ എതിർപ്പ് ശക്തം

Share our post

തിരുവനന്തപുരം: ഇറക്കുമതിചെയ്യുന്ന സ്വാഭാവിക റബ്ബറിന്റെ അളവ് ഉയർത്തണമെന്നും ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നുമുള്ള ടയർ കമ്പനികളുടെ ആവശ്യത്തിനെതിരേ തോട്ടം ഉടമകളും ചെറുകിട റബ്ബർ ഉത്‌പാദകരും. വിലകുറയുമെന്നതിനാലാണ് ആശങ്ക. ടയർ ഉത്‌പാദനത്തിനാവശ്യമായ സ്വാഭാവിക റബ്ബർ സ്റ്റോക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ ഇറക്കുമതി അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. എന്നാൽ, മാർച്ച് 31 വരെയുള്ള കണക്കുകൾപ്രകാരം 3,72,085 ടൺ റബ്ബർ വിപണിയിൽ സ്റ്റോക്കുണ്ടെന്ന് തോട്ടം ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം മാസം 79,375 ടൺ ആയിരുന്നു കമ്പനികളുടെ ശരാശരി ഉപഭോഗം. അതനുസരിച്ച് നാലുമാസത്തെ ആവശ്യത്തിനുള്ള സ്റ്റോക്ക് ഇപ്പോൾത്തന്നെ ലഭ്യമാണെന്ന് തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന്റെ 70 ശതമാനംവരെ ടയർ ഉത്‌പാദനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തൽ. കഴിഞ്ഞമാസത്തോടെ സംസ്ഥാനത്ത് ഉത്‌പാദനം ആരംഭിച്ചിട്ടുണ്ട്.

ആർ.എസ്.എസ്.നാല്‌ ഗ്രേഡ് റബ്ബറിന് കിലോഗ്രാമിന് 200 രൂപ കടന്നുവെന്നത് കർഷകരിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്. രണ്ടുവർഷമായി ഉത്‌പാദനച്ചെലവ് കിലോഗ്രാമിന് 200 രൂപയ്ക്കുമുകളിലാണ്. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ വിപണിയിൽ റബ്ബർ ഇറക്കുന്നതിന് മടിക്കരുതെന്ന് ഉത്‌പാദക കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്റ്റോക്കില്ലെന്നുവരുത്താൽ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും തോട്ടം ഉടമകൾ പറയുന്നു. ടയർ ഉത്പാദന പ്രതിസന്ധി താത്കാലികമായി പരിഹരിക്കുന്നതിന് മൂന്നുനാലു മാസത്തേക്ക് ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നും ഇറക്കുമതിക്ക് ആനുപാതികമായി ടയർ കയറ്റുമതിക്ക്‌ അനുവദിച്ചിട്ടുള്ള സമയം ഒരുവർഷമായി ഉയർത്തണമെന്നുമാണ് അവർ റബ്ബർ ബോർഡിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ബജറ്റിനുമുന്നോടിയായുള്ള കൂടിക്കാഴ്ചയിൽ ധനമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!