ആഗോളതലത്തിൽ തന്നെ മരണനിരക്ക് വർധിപ്പിക്കുന്ന രോഗങ്ങളിൽ മുന്നിലാണ് ശ്വാസകോശ അർബുദത്തിന്റെ സ്ഥാനം. പുകവലിയും, നിഷ്ക്രിയ പുകവലിയുമൊക്കെ ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശ്വാസകോശ അർബുദരോഗികളിലേറെയും പുകവലിക്കാത്തവർ ആണെന്നാണ് പുതിയൊരു ഗവേഷണത്തിൽ പറയുന്നത്.
ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഉൾപ്പെടെയുള്ള ഒരുകൂട്ടം ഡോക്ടർമാരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ശ്വാസകോശ അർബുദരോഗികളിൽ ഭൂരിഭാഗവും പുകവലിശീലം ഇല്ലാത്തവരാണെന്ന് ഡോക്ടർമാർ പറയുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ശ്വാസകോശ അർബുദം മറ്റുഭാഗങ്ങളിലേതിൽ നിന്ന് വ്യത്യസ്തമാണ്. ശ്വാസകോശസംബന്ധമായ രോഗികളിൽ ഏഷ്യയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. 2020-ലെ കണക്കനുസരിച്ച് ശ്വാസകോശ അർബുദം ബാധിച്ചത് 72,510 പേരെയും മരണം 66,729-ഉം ആണ്.
പുകവലിശീലമില്ലാത്തവരിൽ ശ്വാസകോശ അർബുദനിരക്ക് കൂടാനുള്ള കാരണത്തേക്കുറിച്ചും ഡോക്ടർമാർ ഗവേഷണം നടത്തി. അതിൽ പ്രധാനമായി കണ്ടെത്തിയത് അന്തരീക്ഷമലിനീകരണമാണ്. വായുമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ഗുരുതരമായ രീതിയിൽ വായു മലിനീകരിക്കപ്പെടുന്ന ലോകത്തിലെ തന്നെ പ്രധാന നഗരങ്ങളിലൊന്നാണ് ന്യൂഡൽഹി. ആസ്ബെറ്റോസ്, ക്രോമിയം, കാഡ്മിയം, ആർസെനിക്, കൽക്കരി, സെക്കൻഡ്ഹാൻഡ് സ്മോക്കിങ് തുടങ്ങിയവയാണ് ശ്വാസകോശ അർബുദം വർധിപ്പിക്കുന്ന പ്രധാനഘടകങ്ങൾ.
ശ്വാസകോശ അർബുദത്തിന്റെ മറ്റൊരു പ്രധാനകാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് ജനിതകമാണ്. ജനിതകവ്യതിയാനം പുകവലിശീലം ഇല്ലാത്തവരിലും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നുണ്ടെന്ന് മുമ്പ് പബ്മെഡിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നുണ്ട്. ജനിതകവ്യതിയാനം മൂലം കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ട്യൂമർ ഉണ്ടാവുകയുമാണ് ഇവിടെ സംഭവിക്കുന്നത്.
ഹോർമോൺ വ്യതിയാനങ്ങളും ശ്വാസകോശസംബന്ധമായി മുൻപേയുള്ള ആരോഗ്യപ്രശ്നങ്ങളുമൊക്കെ പുകവലിക്കാത്തവരിലും രോഗസാധ്യത കൂട്ടും. ഇതുകൂടാതെ ട്യൂബർകുലോസിസ് രോഗികളുടെ നിരക്ക് വർധിക്കുകയും രോഗസ്ഥിരീകരണം വൈകുന്നതും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.
ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ
പുകവലി കൂടാതെ വായുമലിനീകരണം, സെക്കന്റ്ഹാൻഡ് സ്മോക്കിങ്, കുടുംബത്തിൽ ശ്വാസകോശാർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശാർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശാർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
കാരണങ്ങൾ / അപകട ഘടകങ്ങൾ
പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ് , ആസ്ബറ്റോസ് തുടങ്ങിയവ
പാരമ്പര്യം
പൊണ്ണത്തടി
മദ്യപാനം
വൈറൽ അണുബാധ (എച്ച്.പി.വി.)
ലക്ഷണങ്ങൾ
ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
ശ്വാസംമുട്ടൽ
നെഞ്ചുവേദന
ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
തൊണ്ടയടപ്പ്
വിശപ്പില്ലായ്മ
അകാരണമായ ഭാരക്കുറവ്
അസ്വാഭാവികമായിട്ടുള്ള ക്ഷീണം
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
പരിശോധനകളും ചികിത്സയും
കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.
ശ്വാസകോശാർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാ വിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.