ഏകാന്തത അനുഭവിക്കുന്നവരാണോ? എങ്കിൽ പക്ഷാഘാതസാധ്യത കൂടുതലെന്ന് പഠനം

Share our post

ഏകാന്തത ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്. മിഷി​ഗൺ സർവകലാശാലയിലെ ഹെൽത്ത് ആന്റ് റിട്ടയർമെന്റ് സ്റ്റഡിയിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. 2006 മുതൽ 2018 വരെയുള്ള ആരോ​ഗ്യവിവരങ്ങളാണ് ഡേറ്റയിലുണ്ടായിരുന്നത്. അമ്പതു വയസ്സും അതിനുമുകളിലും പ്രായമുള്ള 8,936 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇവരിലാരും മുമ്പ് പക്ഷാഘാതം ഉണ്ടായിട്ടുള്ളവരുമല്ല. ദി ലാൻസെറ്റ്സ് ഇക്ലിനിക്കൽ മെഡിസിനിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോസ്റ്റണിലെ ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

ചോദ്യാവലിയിലൂടെ പഠനത്തിൽ പങ്കാളികളായവരുടെ ഏകാന്തതയേക്കുറിച്ച് പരിശോധിക്കുകയാണ് ചെയ്തത്. രണ്ടുഘട്ടങ്ങളിലായാണ് വിലയിരുത്തൽ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി ഏകാന്തത കൂടുതൽ അനുഭവിക്കുന്നവർ, കുറവ് അനുഭവിക്കുന്നവർ, നിയന്ത്രണവിധേയമായ രീതിയിൽ ഏകാന്തത അനുഭവിക്കുന്നവർ, ആദ്യഘട്ടത്തിൽ കുറവും രണ്ടാംഘട്ടത്തിൽ കൂടുതലും ഏകാന്തത അനുഭവിച്ചവർ എന്നിങ്ങനെ നാലുവിഭാ​ഗങ്ങളായി തിരിക്കുകയും ചെയ്തു.

തുടർന്നാണ് ഏകാന്തതയുള്ളവരിൽ അല്ലാത്തവരെ അപേക്ഷിച്ച് പക്ഷാഘാതത്തിനുള്ള സാധ്യത 25 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയത്. ഏകാന്തത മൂലം സമ്മർദം വർധിക്കുന്നതും രക്തസമ്മർദത്തിന്റെ തോത് കൂടുന്നതും പക്ഷാഘാതത്തിനു കാരണമാകാം എന്ന് ​ഗവേഷകർ പറയുന്നു. ഒറ്റയ്ക്കാകുമ്പോൾ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും ഭക്ഷണം കൂടുതൽ കഴിക്കുന്നതും ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടുന്നതും ഉറക്കം കുറയുന്നതുമൊക്കെ പക്ഷാഘാതസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

സാഹചര്യങ്ങൾക്കനുസരിച്ച് ചിലഘട്ടങ്ങളിൽ‍ ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യതയില്ലെന്നും മറിച്ച് നീണ്ടുനിൽക്കുന്ന കാലങ്ങളായി ഏകാന്തതയിലൂടെ കടന്നുപോകുന്നവർക്കാണ് ഭീഷണിയുള്ളതെന്നും പഠനത്തിൽ പറയുന്നുണ്ട്.

എന്താണ് സ്ട്രോക്ക്?

മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. രക്താതിമര്‍ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷാഘാതം പ്രധാനമായും രണ്ട് തരമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുകയും ഈ പ്ലാക്കുകള്‍ പൊട്ടി അത് രക്തക്കട്ടയായി തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുന്നു. ഇതിനെ ഇസ്കെമിക് സ്ട്രോക്ക് എന്ന് പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും തന്മൂലം പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇതിനെ ഹെമറേജിക് സ്ട്രോക് എന്ന് വിളിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!