പോസ്റ്റ് ഓഫീസില്‍ നിന്ന് വരുന്ന ആ സന്ദേശം വന്‍ തട്ടിപ്പാണ്; സൂക്ഷിക്കുക-എങ്ങനെ രക്ഷ നേടാം ?

ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ പലര്‍ക്കും കിട്ടിയിട്ടുണ്ടാവും. ആ സന്ദേശം വിശ്വസിച്ചാല്‍ ഒരു പക്ഷെ നിങ്ങളുടെ സ്വകാര്യത അപകടത്തിലായേക്കാം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്. രണ്ട് തവണ ഡെലിവറി ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിലാസം അപൂര്‍ണമായതിനാല്‍ അതിന് സാധിച്ചില്ല. 48 മണിക്കൂറിനുള്ളില്‍ വിലാസം അപ്‌ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം പാക്കേജ് തിരികെ അയക്കുന്നതാണ്. വിലാസം അപ്‌ഡേറ്റ് ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(ലിങ്ക്) അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളി പാക്കേജ് വീണ്ടും ഡെലിവറി ചെയ്യുന്നതാണ്. എന്നാണ് സന്ദേശം നിങ്ങള്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഹാക്കര്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറാനും മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും.
അതുവഴി നിങ്ങളുടെ ഉപകരണത്തിലെ എല്ലാ ഡാറ്റയിലേക്കും അയാള്‍ക്ക് പ്രവേശനം ലഭിക്കും. വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യ പോസ്റ്റ് അത്തരം ഒരു സന്ദേശവും ലിങ്കുകളും അയക്കില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇന്ത്യാ പോസ്റ്റ് വെബ് സൈറ്റിനു സമാനമായ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണ് പോവുക. ഒരു ട്രാക്കിങ് ഐ.ഡിയും ഡെലിവറി പരാജയപ്പെട്ട നോട്ടിഫിക്കേഷനും അതില്‍ കാണാം. ഒപ്പം വിലാസം അപ്‌ഡേറ്റ് ചെയ്യാനും ആവശ്യപ്പെടും. മൊബൈല്‍ ഫോണുകളില്‍ മാത്രമാണ് ഈ ലിങ്ക് പ്രവര്‍ത്തിക്കുക. സ്മിഷിങ് ആക്രമണങ്ങളെന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ വിളിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്ത് അവരുടെ ഉപഭോക്താക്കളെ ലക്ഷ്യമിടുകയും വിവരങ്ങള്‍ ചോര്‍ത്തുക, മാല്‍വെയറുകള്‍ പ്രചരിപ്പിക്കുക തുടങ്ങിയവ ചെയ്യുകയാണ് ഇതുവഴി. ഈ വിവരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യാനുമാവും.
എങ്ങനെ നേരിടാം ?
- സന്ദേശങ്ങളുടെ ആധികാരികത ആദ്യം ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ പരാതിപ്പെടുക.
- വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ലിങ്കുകളിലും, അപരിചിതര്‍ അയക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക.
- വെബ്‌സൈറ്റുകളിലെയും സന്ദേശങ്ങളിലേയും ഭാഷയിലെ വ്യാകരണ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക.
- ഇന്ത്യാ പോസ്റ്റിന്റെ ഈ സന്ദേശം ലഭിച്ചാല്‍ നിങ്ങള്‍ക്ക് ശരിക്കും ഒരു പാക്കേജ് വരാനുണ്ടോ എന്ന് പരിശോധിക്കുക.
- നിങ്ങളുടെ അറിവില്‍ ഒരു പാക്കേജ് വരാനില്ലെങ്കില്‍, അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ വിവരം അന്വേഷിക്കുക
- ലിങ്കുകള്‍ യഥാര്‍ത്ഥ് വെബ്‌സൈറ്റിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.
- തട്ടിപ്പിന് ഇരയായെന്ന് മനസിലായാല്‍ ഫോണ്‍ ഓഫ് ആക്കിയതിന് ശേഷം പോലീസില്‍ പരാതി കൊടുക്കുക.
- 1930 എന്ന നമ്പറില്‍ വിളിച്ച് വേഗം തന്നെ പരാതി നല്‍കണം.