ഇതാ വീണ്ടും കേരള മോഡൽ ; ലോകോത്തര ഗവേഷണ കേന്ദ്രമാകാന്‍ പൊലീസ്‌ അക്കാദമി

Share our post

തൃശൂർ: കേരളാ പൊലീസ് അക്കാദമി കലിക്കറ്റ് സർവകലാശാലയുടെ പൊലീസ് സയൻസിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രമായി മാറുന്നു. പൊലീസ്‌ സേനയിലെ പി.എച്ച്‌.ഡി നേടിയ ഉദ്യോഗസ്ഥരുടെ കീഴിൽ പൊലീസ്‌ സയൻസിൽ പൊലീസുകാർക്കും പുറത്തുള്ളവർക്കും ഗവേഷണം ചെയ്യാം. സംസ്ഥാന സർക്കാരിന്റെ പൊലീസ് നവീകരണം, ശാസ്ത്രീയ കുറ്റാന്വേഷണം ശക്തമാക്കൽ എന്നീ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്‌ പൊൻതൂവലായി പുതുഗവേഷണങ്ങൾ പിറക്കും. ഇന്ത്യയിൽ ആദ്യമായാണ്‌ സർവകലാശാലയുടെ ഗവേഷണ കേന്ദ്രമായി പൊലീസ് അക്കാദമി മാറുന്നത്. പൊലീസ്‌ വകുപ്പ്, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ പി.എച്ച്ഡി യോഗ്യതയുള്ളവർക്ക് കൂടുതൽ ഗവേഷണത്തിനും ഗവേഷണ ഗൈഡ് ആകാനും അവസരം ലഭിക്കും. പുതുലഹരി മരുന്നുകളുടെ ദുരുപയോഗം കണ്ടെത്താനുള്ള സാങ്കേതികവിദ്യകൾ സർവകലാശാലയുമായി സഹകരിച്ച് വികസിപ്പിക്കുന്നതിന്‌ പ്രാധാന്യം നൽകും. പൊലീസ്‌ ഫോറൻസിക്‌ ലാബ്‌ ഉൾപ്പടെയുള്ള വിപുലമായ സൗകര്യങ്ങൾ അക്കാദമിയിലുണ്ട്‌.

2019ൽ കേരളാ പൊലീസ് അക്കാദമിയും കലിക്കറ്റ് സർവകലാശാലയും ഗവേഷണ സഹകരണത്തിനും ഫോറൻസിക് സയൻസ്, ക്രിമിനോളജി മുതലായ കോഴ്സുകൾ ആരംഭിക്കാനും ധാരണപത്രം ഒപ്പിട്ടിരുന്നു. ഫോറൻസിക് സയൻസ് പഠനവകുപ്പ് അക്കാദമിയിൽ ആരംഭിച്ചു. എം.എസ്‌.സി ഫോറൻസിക് സയൻസ് കോഴ്സും ആരംഭിച്ചു. ഇതിനകം 15 പൊലീസ് ഉദ്യോഗസ്ഥർ എം.എസ്‌.സി ഫോറൻസിക് സയൻസ് പൂർത്തിയാക്കി. അക്കാദമിയിൽ നിന്ന് പത്തോളം ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കുന്നത്‌. ഇതിന് മുന്നോടിയായി സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. എം നാസർ, സിൻഡിക്കേറ്റ് അംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ലൈഫ് സയൻസ് പഠന വകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരൻ എന്നിവരടങ്ങുന്ന സർവകലാശാല ഗവേഷണ പരിശോധനാ സമിതി അക്കാദമി സന്ദർശിച്ച്‌ ഗവേഷണ സൗകര്യങ്ങൾ പരിശോധിച്ചു. പൊലീസ് അക്കാദമി ഡയറക്ടർ പി.വിജയൻ, അസി. ഡയറക്ടർ ഐശ്വര്യ ഡോങ്‌ഗ്രെ, കോഴ്‌സ്‌ കോ–- ഓർഡിനേറ്റർ ഡോ. എം.എസ്‌ ശിവപ്രസാദ്‌ തുടങ്ങിയവരുമായി കൂടിയാലോചന നടത്തി. വ്യാഴാഴ്‌ച സർവകലാശാല സിന്‍ഡിക്കറ്റ് യോഗം പദ്ധതി അംഗീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!