മരവീടുകള്‍ ഒരുങ്ങുന്നു; സൈലന്റ് വാലിയിലെ കൊടുംകാട്ടില്‍ താമസിക്കാം

സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മരവീടുകളും മരമുകളിലെ വീടുകളും ഒരുക്കുന്നു. തടിയുപയോഗിച്ച് നിര്‍മിക്കുന്ന വീടുകളുടെ അടിത്തറയും നിലവും മാത്രമാണ് കോണ്‍ക്രീറ്റും ടൈലുമിടുക. ദേശീയോദ്യാനത്തിന്റെ ബഫര്‍സോണിന് പുറത്ത് ഭവാനിപ്പുഴയുടെ തീരത്താണ് വീടുകള്‍ നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലുള്ള അഞ്ചു വീടുകളാണ് പണിയുക. യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ ഭവാനിപ്പുഴയുടെ തീരത്ത് ആകെയുള്ളത് ഒരു പുഴയോരക്കുടില്‍ മാത്രമാണ്. ഇതില്‍ രണ്ടുപേര്‍ക്ക് തങ്ങാനേ കഴിയൂ. ഒരു ദിവസത്തേക്ക് 2500 രൂപയാണ് ഇതിന് വാടക. മരവീടുകള്‍ വരുന്നതോടെ സന്ദര്‍ശകര്‍ക്ക് നിശബ്ദതാഴ്‌വരയുടെ രാത്രിസൗന്ദര്യംകൂടി ആസ്വദിക്കാനാകും.
സൈലന്റ് വാലി ദേശീയോദ്യാനത്തിൽ പണിയാനുദ്ദേശിക്കുന്ന മരവീടിന്റെ മാതൃക
ബഫര്‍സോണിനു സമീപം മുന്‍പ് വെച്ചുപിടിപ്പിച്ച യൂക്കാലിമരങ്ങള്‍ ഉപയോഗിച്ച് വീടുകളൊരുക്കാനാണ് വനംവകുപ്പിന്റെ ഉദ്ദേശ്യം. 50 ഹെക്ടറോളം യൂക്കാലി മരങ്ങളാണ് പന്തംതോട് ഭാഗത്തുള്ളത്. ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന യൂക്കാലിമരങ്ങള്‍ മുറിച്ചുനീക്കണമെന്ന ഉത്തരവുകൂടിയുള്ളതിനാല്‍ ഈ മരങ്ങളെല്ലാം ഉടനെ നീക്കം ചെയ്യും. ഇതില്‍നിന്നു ആവശ്യമായ തടി ഉപയോഗിക്കും. പറമ്പിക്കുളത്തിലേതിന് സമാനമായ മരമുകളിലെ വീടുകളും നിര്‍മിക്കും. തറനിരപ്പില്‍ നിന്ന് കുറച്ചു ഉയരത്തിലായി നിലവിലുള്ള മരങ്ങളോട് ബന്ധിച്ചായിരിക്കും ഇത്തരം വീടുകള്‍ പണിയുക.
വിദേശികളുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ നിലവില്‍ മുക്കാലിയിലുള്ള സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം 16 പേര്‍ക്കുള്ള ഡോര്‍മിറ്ററിയും ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുമുണ്ട്. പ്രവേശനത്തിനും താമസത്തിനും മുന്‍കൂട്ടി ബുക്ക് ചെയ്യണം. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് കൂടുതല്‍ താമസസൗകര്യവും ഒരുക്കുന്നത്. ഒന്നരവര്‍ഷത്തിനിടെ 40,000 സഞ്ചാരികളാണ് സൈലന്റ് വാലി ദേശീയോദ്യാനം സന്ദര്‍ശിച്ചത്.