പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവം; പിതാവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

Share our post

പനമരം : അഞ്ചുകുന്ന് സ്വദേശിയായ മൂന്ന് വയസുകാരൻ ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവുൾപ്പെടെ രണ്ടു പേരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് അഞ്ചുകുന്ന് വൈശ്യമ്പത്ത് അൽത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് (68) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനപൂർവ്വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകൾ തുടങ്ങിയവ ചുമത്തി പനമരം പോലീസ് ഇൻസ്‌പെക്ടർ വി സിജിത്തിന്റെ നേതൃത്വത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഒൻപതിനാണ് മൂന്ന് വയസുകാരൻ മുഹമ്മദ് അസാന് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് ഗുരുതരമായി പൊള്ളലേൽക്കുന്നത്. തുടർന്ന് ചികിത്സക്കായി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ പിതാവടക്കമുള്ളവർ സ്വന്തം താൽപര്യ പ്രകാരം വൈദ്യ ചികിത്സക്കായി കൊണ്ടു പോകുകയും ദിവസങ്ങളോളം വൈദ്യൻ ചികിത്സ നൽകി വരികയുമായിരുന്നു.ഒടുവിൽ ദിവസങ്ങളായുള്ള നരകയാതനയിൽ അവശയായ കുട്ടിയെ കണ്ട അയൽവാസികളുടെ നിർബന്ധപ്രകാരമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കഴിഞ്ഞമാസം 20 ന് വൈകുന്നേരം അഞ്ചോടെ കുട്ടി മരണപ്പെട്ടു.

പോലീസ് അന്വേഷണത്തിൽ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചതായി ബോധ്യപ്പെട്ടതിനാലും, ഗുരുതര സാഹചര്യമായിട്ടും ആശുപത്രിയിലേക്ക് വിടാതെ വൈദ്യ ചികിത്സ നൽകിയതിനാലുമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.ഇരുവരേയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് 1 മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!