കണ്ണൂർ/ എടക്കാട് : വിവിധ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ മസ്റ്ററിങ് ചെയ്യാനാകാതെ ദുരിതത്തിൽ. മസ്റ്ററിങ് നടപടി പൂർത്തിയാക്കിയവർക്ക് മാത്രമേ പെൻഷൻ ലഭിക്കൂവെന്ന നിർദേശത്തെത്തുടർന്ന് രണ്ട് ദിവസമായി പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിലെത്തി മടങ്ങുകയാണ്. 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവർ ഓഗസ്റ്റ് 24-ന് മുൻപ് മസ്റ്ററിങ് നടത്തണം. വിധവ പെൻഷൻ, വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൂടാതെ വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വാങ്ങുന്നവരെല്ലാം മസ്റ്ററിങ് ചെയ്യണം.
ഓരോ ദിവസവും മസ്റ്ററിങ് ചെയ്യുന്നതിന് വിവിധ ക്ഷേമനിധി ബോർഡുകൾ അറിയിപ്പിലൂടെ അംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളിലെത്തി പലരും മടങ്ങുന്ന സ്ഥിതിയാണ്. സെർവറിന്റെ വേഗക്കുറവ് കാരണം മസ്റ്ററിങ് നടപടികൾ വളരെ സാവധാനം മാത്രമേ പൂർത്തിയാക്കാനാവുന്നുള്ളൂവെന്ന് അക്ഷയ സംരംഭകർ പറയുന്നു. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ രണ്ടുദിവസമായി മസ്റ്ററിങ് നിർത്തിവെച്ചിരിക്കയാണ്. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മസ്റ്ററിങ് ക്യാമ്പ് നടത്തുന്നുവെന്ന് അറിയിച്ചെങ്കിലും സെർവറിലെ സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റിവെക്കേണ്ടിവന്നു. ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരാണ് ഭൂരിഭാഗം പെൻഷൻ ഗുണഭോക്താക്കളും. കഠിനമായ മഴയെ അവഗണിച്ചാണ് പലരും അക്ഷയ കേന്ദ്രങ്ങളിലെത്തുന്നത്. മസ്റ്ററിങ്ങില്ലെന്ന വിവരമറിയുന്നതോടെ നിരാശയോടെയാണ് മടങ്ങുന്നത്.
മസ്റ്ററിങ് പൂർത്തായത് 28.98 ശതമാനം
സംസ്ഥാനത്ത് ആകെ 62,65,754 ഗുണഭോക്താക്കളാണ് വിവിധ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും അർഹരായത്. ഇതിൽ സുരക്ഷാ പെൻഷന് അർഹരായ 18,15,715 പേരാണ് ഇതിനകം മസ്റ്ററിങ് പൂർത്തിയാക്കിയത്. 32 ബോർഡുകളിലായാണ് വിവിധ ക്ഷേമനിധി അംഗങ്ങളുള്ളത്. 14,649 പേർക്ക് മസ്റ്ററിങ്ങിന് കഴിയാതെവന്നു. ഇതിൽ 438 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. ജില്ലയിൽ സുരക്ഷാപെൻഷൻ ഗുണഭോക്താക്കളായ 1,02,757 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്തിയത്. 2,90,447 പേർ ഇനിയും ചെയ്യാനുണ്ട്.
കിട്ടാനുള്ളത് 8000
അഞ്ചുമാസത്തെ പെൻഷനാണ് ലഭിക്കാനുള്ളത്. 1600 രൂപ പ്രകാരം 8000 രൂപ കിട്ടണം. മരുന്നു വാങ്ങാനും റേഷൻ വാങ്ങാനും വലിയ സഹായമായിരുന്നു. എന്നാൽ യഥാസമയം കിട്ടുന്നില്ലല്ലോയെന്ന പരിഭവമാണ് ഗുണഭോക്തക്കൾക്കെല്ലാം. ഇപ്പോൾ മസ്റ്ററിങ് കൂടിയായപ്പോൾ ഇനിയെന്തായിരിക്കുമെന്ന ആശങ്കയിലാണ് പലരും.
മസ്റ്ററിങ് ചെയ്യാൻ 30 രൂപ
ഗുണഭോക്താക്കൾ മസ്റ്ററിങ് ചെയ്യുന്നതിന് 30 രൂപ അക്ഷയ കേന്ദ്രങ്ങൾക്ക് നൽകണം. ക്ഷേമപെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങുന്നവർ രണ്ട് മസ്റ്ററിങ് നടത്തണം. ഇതിന് 60 രൂപയാണ് ഈടാക്കുന്നത്.
സെർവർ പ്രശ്‌നം ഇന്ന് പരിഹരിക്കും
സെർവർ തകരാറായതിനാൽ മസ്റ്ററിങ് രണ്ടുദിവസത്തേക്ക് നിർത്തിവെച്ചതാണെന്നും ശനിയാഴ്ചയോടെ പൂർണമായും പുനഃസ്ഥാപിക്കുമെന്നും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽനിന്ന് അറിയിച്ചു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെതാണ് സൈറ്റ്. ഗുണഭോക്താക്കളുടെ തിരക്ക് ഒഴിവാക്കാനായി വിവിധ ക്ലബ്ബുകളും സാംസ്‌കാരിക സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങളുടെ സഹകരണത്തോടെ മസ്റ്ററിങ് ക്യാമ്പുകൾ നടത്തിവരുന്നുണ്ട്.