സ്വാശ്രയ ഫീസ് വർധന വിദ്യാർഥികൾക്ക് തിരിച്ചടിയാകും

സ്വാശ്രയമേഖലയിലെ ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകളുടെ ഫീസ് വർധന വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നു. സർക്കാരാണ് ഫീസ് 12 ശതമാനം വർധിപ്പിച്ചത്. ഇതിൽ പ്രതിഷേധമുയരുന്നുണ്ട്.സർക്കാർ, എയ്ഡഡ് കോളേജുകളിലുള്ളതിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ സ്വാശ്രയമേഖലയിലാണുള്ളത്.
ഭൂരിപക്ഷം വിദ്യാർഥികളും ആശ്രയിക്കുന്നത് സ്വാശ്രയ കോളേജുകളെയാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് ഫീസ് വർധന വലിയ പ്രതിസന്ധിയുണ്ടാക്കും.
കാലിക്കറ്റ് സർവകലാശാലയ്ക്കുള്ളിൽ എം.സി.എ., എം.എസ്.സി. റേഡിയേഷൻ ഫിസിക്‌സ്, എം.എസ്‌സി അപ്ലൈഡ് ജിയോളജി, എം.എസ്.സി എൻവിയോൺമെന്റൽ സയൻസ്, എം.എ. സോഷ്യോളജി, എം.എസ്.സി ഫുഡ് ടെക്‌നോളജി തുടങ്ങിയവ സ്വാശ്രയ കോഴ്സുകളാണ്. ഫീസ് വർധന ഈ പഠനവിഭാഗങ്ങളെയും ബാധിക്കും.സർവകലാശാലയിൽ വർഷംതോറുമുള്ള അഞ്ചുശതമാനം ഫീസ് വർധനയ്ക്കു പുറമേയാണിത്.