ഓടുന്ന തീവണ്ടിയില്‍ വെച്ച് കല്യാണം കഴിച്ചാല്‍ എങ്ങനെയുണ്ടാകും! അതും ഒരു സാധാരണ തീവണ്ടിയിലല്ല, ചലിക്കുന്ന കൊട്ടാരമെന്നറിയപ്പെടുന്ന ഇന്ത്യയിലെ അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓണ്‍ വീല്‍സില്‍. ഇന്ത്യയിലെ തീവണ്ടി ഭ്രാന്തന്മാരുടെ ആ സ്വപ്നമിതാ യാഥാര്‍ഥ്യമാവുന്നു. പാലസ് ഓണ്‍ വീല്‍സ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്കും കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ക്കും വിട്ടുകൊടുക്കുന്നതിനുള്ള അനുമതി രാജസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നു. ഇപ്പോഴിതാ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ക്കായി പാലസ് ഓണ്‍ വീല്‍സിനെ ഒരുക്കാന്‍ ഒരു സ്വകാര്യ കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ജൂലായ് 20 മുതല്‍ കുതിച്ചു പായുന്ന ഈ ആഡംബര കൊട്ടാരത്തില്‍ മംഗല്യങ്ങള്‍ നടക്കും.
സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ അകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഈ നീക്കം. രാജ്യത്തെ പ്രധാന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമാക്കി രാജസ്ഥാനെ മാറ്റുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ അഭിമാന പദ്ധതിയാണ് പാലസ് ഓണ്‍ വീല്‍സ്. ഇന്ത്യന്‍ റെയില്‍വേയുമായി രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ടിഡിസി) സഹകരിച്ചാണ് ഈ സര്‍വീസ് നടത്തിയിരുന്നത്.പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ ഒരു രാജകീയ വിവാഹം ആഗ്രഹിക്കുന്നര്‍ക്ക് ഏറ്റവും മികച്ച അവസരം തന്നെയാണ് പാലസ് ഓണ്‍ വീല്‍സ്. 23 കോച്ചുകളുള്ള തീവണ്ടിയില്‍ ഓരോ കോച്ചിനും പഴയ രജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്‍, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കംലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട് റെസ്റ്റോറന്റുകളുമുണ്ട്.
39 ഡീലക്‌സ് ക്യാബിനുകളും 2 സൂപ്പര്‍ ഡീലക്‌സ് ക്യാബിനുകളുമാണ് ഈ തീവണ്ടിയിലുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും. ഈ സീസണ്‍ മുതല്‍ തന്നെ തീവണ്ടി കല്യാണങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം. കൃത്യമായ തിയ്യതികളും പാക്കേജുകളും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ബുക്കിങ്ങുകളെല്ലാം ഓണ്‍ലൈനായി മാത്രമായിരിക്കും. ഉദയ്പുര്‍ കൊട്ടാരത്തിലെ സെലിബ്രിറ്റി വെഡ്ഡിങ്ങുകളിലൂടെയാണ് രാജസ്ഥാന്റെ രാജകീയ പ്രതാപം സാധാരണക്കാരുടെ മനസ്സില്‍ ഇടം നേടുന്നത്. ഇന്നിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളിലൊന്നാണ് രാജസ്ഥാന്‍. ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും കോട്ടകളും തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും വലിയ സൗന്ദര്യം. തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്‌കാരവും ജയ്‌സാല്‍മീര്‍ പോലുള്ള മനോഹരമായ ലൊക്കേഷനുകളുണ്ട് രാജസ്ഥാനില്‍. വിവാഹാഘോഷത്തിന് മാറ്റുകൂട്ടാന്‍ പ്രാദേശിക കലാകാരന്മാരുടെ സംഗീതവിരുന്നും നൃത്തവും ക്യാമല്‍ സഫാരിയും ഡെസേര്‍ട്ട് ക്യാമ്പുമുണ്ട്. രാജസ്ഥാനിലെ വര്‍ണശബളമായ സാംസ്‌കാരിക വൈവിധ്യം വെഡ്ഡിങ് ഫോട്ടോഗ്രഫിക്കും വിരുന്നാകും.