49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന്: വിജ്ഞാപനം നാലിന്

തിരുവനന്തപുരം> തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാലു മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15. വോട്ടെണ്ണൽ ജൂലൈ 31ന് രാവിലെ 10 മണിക്ക് നടക്കും.
മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ടു മുതൽ നിലവിൽ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്‌ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടുവരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും (sec.kerala.gov.in ) ലഭ്യമാണ്.