റെഡി ടു ഡ്രിങ്ക് പാലട പായസവും ഇളനീര്‍ ഐസ്ക്രീമുമായി മില്‍മ

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി മിൽമ. റെഡി ടു ഡ്രിങ്ക് പാലട പായസം മലബാർ യൂണിയന്റെ സഹകരണത്തോടെ മിൽമ ഫെഡറേഷനും ഇളനീർ ഐസ്ക്രീം മിൽമ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. രണ്ട് ഉൽപ്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്-ലെറ്റുകളിലും ലഭ്യമാകും. പാലട പായസം 12 മാസംവരെ കേടാകാതിരിക്കും. പാലട പായസം വിദേശങ്ങളിലെത്തിക്കാനും ശ്രമിക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ് മണി പറഞ്ഞു. മൈക്രോവേവ് അസിസ്റ്റഡ് തെർമൽ സ്റ്റെറിലൈസേഷൻ (എംഎടിഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പാലട പായസം തയ്യാറാക്കുന്നതും പാക്ക് ചെയ്യുന്നതും. രാസപദാർഥങ്ങളോ പ്രിസർവേറ്റീവോ ചേർക്കുന്നില്ല. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എം.എ.ടി.എസ് സ്‌മാർട്‌സ് ഫുഡ് പ്ലാന്റിലാണ് നിർമാണം. 400 ഗ്രാമിന്റെ പാക്കറ്റിലാണ് വിപണിയിലെത്തുക. 150 രൂപയാണ് പാക്കറ്റിന്റെ വില. റിപൊസിഷനിങ് മിൽമ പദ്ധതിയുടെ ഭാഗമായാണ് നൂതന ഉൽപ്പന്നങ്ങൾ മിൽമ പുറത്തിറക്കുന്നത്.